1966 കാലഘട്ടം. സമസ്തയുടെ ഔദ്യോഗിക നേതൃത്വം കൂട്ടമായിയെടുത്ത ചില തീരുമാനങ്ങളിലെ വിയോജിപ്പ് മൂലം ഒരു കൂട്ടം പണ്ഡിതന്മാർ ‘അഖില കേരള ജംഇയ്യത്തുൽ ഉലമ’ രൂപീകരിച്ച കാലം. അവർ മലബാറിലുടനീളം സമസ്തയ്ക്കെതിരെ ദുർപ്രചരണങ്ങൾ നടത്തിക്കൊണ്ടിരുന്നു. പലരും അവരുടെ കെണിയിൽ അകപ്പെട്ടു. ആ സമയത്താണ്, 1966 ഏപ്രിൽ 3ന് കോഴിക്കോട് കുറ്റിച്ചിറയിൽ വെച്ച് സമസ്ത വിശദീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ അദ്ധ്യക്ഷൻ പാണക്കാട് പി.എം. എസ്.എ പൂക്കോയ തങ്ങൾ. അധ്യക്ഷ പ്രസംഗത്തിൽ പതിവിന് വിപരീതമായി ശബ്ദം ഉയർത്തിക്കൊണ്ട് തങ്ങൾ പ്രഖ്യാപിച്ചു: “ഇവിടെ സമസ്ത മതി, അഖിലയും കൊഖിലയും വേണ്ട..!! അതൊരു ആജ്ഞയായിരുന്നു. ജനങ്ങൾ അത് അക്ഷരംപ്രതി അനുസരിച്ചു. ദിവസങ്ങൾക്കകം ആ സംഘടന നാമാവശേഷമായി. തങ്ങൾ ആ സംഘടനക്കെതിരെ ഈ പ്രഖ്യാപനം നടത്തുമ്പോൾ അദ്ദേഹം സമസ്തയുടെയോ പോഷകഘടകത്തിന്റെയോ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നില്ല. എന്നിട്ടും സമസ്തക്ക് വേണ്ടി ശക്തമായി നിലകൊണ്ട തങ്ങളുടെ വാക്കുകളെ മലബാറിലെ ജനങ്ങൾ ഇടതടവില്ലാതെ അനുസരിച്ചു. ഇങ്ങനെ സമുദായം പ്രതിസന്ധി നേരിടുന്ന വേളയിലെല്ലാം ശക്തമായി നിലകൊണ്ട വ്യക്തിത്വത്തിനുടമയായിരുന്നു പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ.
വിശുദ്ധ അഹ്ലു ബൈത്തിലെ ശ്രേഷ്ഠമായ ശിഹാബീ ഖബീലയിലാണ് മഹാനായ പൂക്കോയ തങ്ങൾ പിറവിയെടുത്തത്. ഹിജ്റ 1159 തരീമിൽ ജനിച്ച സയ്യിദ് അലി ശിഹാബുദ്ദീൻ എന്നവരാണ് മലബാറിലെത്തിയ ആദ്യ ശിഹാബീ സയ്യിദ്. അവരുടെ പുത്രനാണ് സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ മുല്ലക്കോയ തങ്ങൾ. അവർക്ക് നാല് പുത്രന്മാരുണ്ടായി. അവരിൽ സയ്യിദ് മുഹ്ളാർ ശിഹാബുദ്ദീൻ തങ്ങൾ മലപ്പുറത്ത് വന്ന് താമസമാക്കി. ഇവരുടെ പുത്രൻ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളാണ് ആദ്യമായി പാണക്കാട് താമസമാക്കുന്നത്. ഇദ്ദേഹം പണ്ഡിതനും ദേശീയ സമരപോരാളിയുമായിരുന്നു.
സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളുടെ പുത്രൻ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ മകനാണ് പി.എം.എസ്.എ പൂക്കോയ തങ്ങൾ. സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെയും ഉമ്മു ഹാനിഅ ബീവിയുടെയും മകനായി 1917 ലാണ് പുതിയ മാളിയേക്കൽ സയ്യിദ് അഹമദ് പൂക്കോയ തങ്ങൾ എന്ന പി.എം.എസ്.എ പൂക്കോയ തങ്ങൾ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ പിതാവ് വഫാത്തായി. പിന്നീട് പിതൃസഹോദരൻ സയ്യിദ് അലിപൂക്കോയ തങ്ങളുടെ സംരക്ഷണത്തിലാണ് തങ്ങൾ വളർന്നത്. അലിപൂക്കോയ തങ്ങലാണ് കൊടപ്പനക്കൽ തറവാട് പൂക്കോയ തങ്ങൾക്ക് ദാനമായി നൽകിയത്. അന്ധനാണങ്കിലും ആത്മീയോന്നതി പ്രാപിച്ച് സഹജീവികൾക്ക് അത്താണിയായി മാറിയ അലിപൂക്കോയ തങ്ങളുടെ നിത്യോർമ്മക്കാണ് പൂക്കോയ തങ്ങൾ സ്വന്തം മക്കൾക്ക് അലി എന്ന പേര് ചേർത്തി നാമകരണം ചെയ്തത്. സ്രാമ്പിക്കൽ അലിമൊല്ലയുടെ ഓത്തുപള്ളിയിലും പാണക്കാട് സ്കൂളിലും പഠിച്ച ശേഷം വിവിധ ദർസുകളിൽ ഓതിപഠിച്ചു. ചാപ്പനങ്ങാടി പള്ളിയിലെ മുദരിസായിരുന്ന മച്ചിലങ്ങത്ത് കുഞ്ഞമ്മദ് കുട്ടി മുസ്ലിയാരായിരുന്നു പ്രധാന ഗുരു. പൂക്കോയക്കുട്ടി എന്ന് ഏവരും സ്നേഹത്തോടെ വിളിച്ചിരുന്ന തങ്ങളിൽ ചെറുപ്പത്തിൽ തന്നെ ഈ കുടുംബത്തിന്റെ മഹത്വവും പ്രത്യേകതയും നിഴലിച്ചു കണ്ടിരുന്നു. ചെറുപ്രായത്തിൽ തന്നെ മത രാഷ്ട്രീയ മേഖലയിൽ സജീവമായിരുന്നു. ആദ്യ കാലത്ത് കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടായിരുന്ന തങ്ങളെ മുസ് ലിം ലീഗിലേക്ക് വഴിതിരിച്ചു വിട്ടത് അബ്ദുറഹ്മാൻ ബാഫഖി തങ്ങളാണ്. ഏറനാട്ടിലെ പൂക്കോയ തങ്ങളുടെ സ്വീകാര്യത മനസ്സിലാക്കിയ ബാഫഖി തങ്ങൾ പാർട്ടിയുടെ പല ചുമതലകളും തങ്ങളെ ഏൽപ്പിച്ചു. ഏറനാട് താലൂക്ക് പ്രസിഡന്റായി നിയോഗിക്കപ്പെട്ടതോടെ തങ്ങളെ പിന്തുടർന്ന് ജീവിച്ചിരുന്ന പലരും മുസ് ലിം ലീഗിലേക്ക് ചേക്കേറി. 1947 സ്വതന്ത്രാന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച ഹൈദരാബാദ് നാട്ടുരാജ്യത്തിനെതിരെ നടന്ന സൈനിക നടപടിയിൽ ജയിലിലകപ്പെട്ട നേതാക്കന്മാരുടെ കൂടെ പൂക്കോയ തങ്ങളും 17 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വന്നു. തങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ മലബാറിലെ പൊതുസമൂഹം പ്രതിഷേധവുമായി മുന്നോട്ടു വന്നപ്പോൾ ശാന്തരായി പിരിഞ്ഞു പോകാനാണു തങ്ങളവറുകൾ കൽപ്പിച്ചത്.
ചെറുപ്രായത്തിൽ തന്നെ സമസ്തയുടെ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്നു. 1959 ജനുവരി 29-30 തിയ്യതികളിൽ വടകരയിൽ വെച്ച് നടന്ന സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ സമ്മേളന ഉദ്ഘാടകൻ പൂക്കോയ തങ്ങളായിരുന്നു. 1968 ഓഗസ്റ്റ് 25 ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ നേതൃപദവിയിലേക്ക് തങ്ങളെ നിയോഗിക്കപ്പെട്ടതോടെ സംഘടന പ്രവർത്തങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു. സമസ്ത തിരുനാവായ,കക്കാട് സമ്മേളന സ്വാഗത സംഘം ചെയർമാൻ തങ്ങളായിരുന്നു. സമസ്തയുടെ കീഴിൽ നടത്തപ്പെടുന്ന ജാമിഅ നൂരിയ്യ യുടെ പ്രസിഡന്റായും തങ്ങൾ പ്രവർത്തിച്ചു. 1973 ഫെബ്രുവരി 24 ന് സമസ്ത മുശാവറ അംഗമായി തെരെഞ്ഞെടുത്തു. ഇതേ വർഷം തന്നെ, ബാഫഖി തങ്ങൾ വിടപറഞ്ഞപ്പോൾ മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അഥവാ ബാഫഖി തങ്ങൾക്കു ശേഷം കേരളീയ മുസ്ലിംകളുടെ മത രാഷ്ട്രീയ നേതൃത്വമായി തങ്ങൾ മാറി. മഹല്ല് തലങ്ങളിൽ മദ്രസ പ്രസ്ഥാനത്തിന് ചുമതലപ്പെടുത്തിയ കെ.പി ഉസ്മാൻ സാഹിബ് പ്രചാരണ പ്രവർത്തങ്ങൾക്ക് പൂക്കോയ തങ്ങളെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. വിദ്യാഭ്യാസത്തിലൂടെയാണ് സമുദായത്തെ സമുദ്ധരിക്കേണ്ടതെന്ന് പ്രസംഗിച്ചിരുന്ന തങ്ങൾ അതിന് വേണ്ട പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. ചെറുപ്പത്തിൽ തന്നെ യതീമായി വളർന്ന പൂക്കോയ തങ്ങൾ യത്തീമികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും കൂടുതൽ പ്രോത്സാഹനം നൽകി. തങ്ങളുടെ ആശീർവാദത്തോടെ കേരളത്തിലുടനീളം യതീംഖാനകൾ നിർമ്മിക്കപ്പെട്ടു.
കേരളീയ മുസ് ലിംകളുടെ നേതൃത്വമെന്ന നിലക്ക് നിരവധി മഹല്ലുകളുടെ ഖാളി സ്ഥാനവും നിർവ്വഹിച്ചു. സമസ്ത പ്രതിനിദാനം ചെയ്യുന്ന ആശയദർശങ്ങളോട് ചേർന്ന് നിൽക്കുമ്പോഴും എല്ലാ മത ജാതി വിഭാഗങ്ങളുടെയും കക്ഷി രാഷ്ട്രീയക്കാരുടെയും സ്നേഹവും ആദരവും ആർജിച്ചെടുക്കാനും തങ്ങൾക്ക് സാധിച്ചു. അന്ന് ജീവിച്ചിരുന്ന പണ്ഡിതരും സയ്യിദന്മാരും പൂക്കോയ തങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. ബാഫഖി തങ്ങൾ പല കാര്യങ്ങളും പൂക്കോയ തങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമാക്കിയിരുന്നത്. ആറ് പതിറ്റാണ്ട് കാലത്തെ സുകൃത ജീവിതത്തിന്റെ വെളിച്ചം ഇന്നും പുതുതലമുറയ്ക്ക് നേരിന്റെ പ്രഭ വിതറുകയാണ്. ആളിക്കത്താൻ അടുത്ത എത്ര സംഭവങ്ങളാണ് തങ്ങളുടെ നറുപുഞ്ചിരിയിൽ അലിഞ്ഞുപോയത്. സുകൃതം കൊണ്ട് ധന്യമാക്കിയ ആ ജീവിതം മാതൃകയോഗ്യമാണ്. രാഷ്ട്രീയമെന്നോ മതപരമെന്നോ സാംസ്കാരികമെന്നോ അതിനെ വേർതിരിക്കൽ അസാധ്യമാണ്. ഹി 1395 ജുമാദുൽ ആഖിർ 26 ന് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ ഈ ലോകത്തോട് വിടപറഞ്ഞു..