ഉർദു ബസാറിലെ
മക്തബാ ജാമിഅഃ
🖊 മിദ്ലാജ് യു
🖊 മിദ്ലാജ് യു
റിസ്വാൻ, 50 വയസ്സ്, തലസ്ഥാന നഗരമായ ഡൽഹിയിലെ ജാമിഅ മസ്ജിദിനു വെളിയിൽ, ഉറുദു ബസാറിലുള്ള തൻറെ ഇടുങ്ങിയ ഷോപ്പിൽ ഇരിക്കുകയാണ്. ഗതാഗത നിരത്തിലെ ശബ്ദകോലാഹലങ്ങളുടെ ശല്യമില്ലാതെ, അദ്ദേഹത്തിന്റെ ജപമാലയിലെ ചുവന്ന മുത്തുകൾ പറയുന്നു. ഉറുദു ബസാറിൽ അവശേഷിക്കുന്ന ചില പുസ്തകവില്പന കേന്ദ്രങ്ങളിലൊന്നാണിത്. ഒരിക്കൽ ഉറുദു സാഹിത്യത്തിന്റെ നിധിശേഖരമായിരുന്ന ഈ പഴയ ഉറുദു ബസാർ ഇന്ന് അതിജീവന പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വിഭജനത്തിനു മുമ്പ് റിസ്വാന്റെ പ്രപിതാമഹൻ കാരം ഇലാഹി തുടങ്ങിയ ബുക്സ്റ്റോറാണിത് .1983ലാണ് റിസ്വാൻ ഈ കുടുംബ സംരംഭത്തിലേക്ക് ചേരുന്നത്. അക്കാലത്ത് ഇസ്ലാമിക സാഹിത്യ പുസ്തകങ്ങൾ മാത്രമേ വിറ്റുപോകാറുണ്ടായിരുന്നുള്ളൂ. അതു കാരണം, ഉറുദു-ഇസ്ലാമിക സാഹിത്യ ഗ്രൻഥങ്ങൾ വിൽക്കാൻ വേണ്ടിയാണ് ഷോപ് തുടങ്ങിയിരുന്നത്.
റിസ്വാനെ സംബന്ധിച്ചെടുത്തോളം വിരളമായി മാത്രം കച്ചവടം നടക്കുന്ന പകലുകളാണിത്. ഒരു ഉപഭോക്താവും രാവിലെ മുതൽ ഇതിലൂടെ നടന്നു പോയിട്ടില്ല. ഇതുപോലെ മറ്റൊരുപാട് ദിവസങ്ങളുമുണ്ടെന്നവൻ ഓർമിപ്പിക്കുന്നു. "ഉറുദു വായനക്കാർ വലിയ തോതിൽ ക്ഷയിച്ചുപോയിട്ടുണ്ട്". പുസ്തകം വാങ്ങാനെത്തിയ വാരിസിനെ തിരഞ്ഞുകൊണ്ടിരിക്കുന്ന പുസ്തകം കണ്ടെത്താൻ സഹായിക്കുന്നതിനിടെ റിസ്വാൻ പറഞ്ഞു: ഒരു മരത്തിൻറെ ഷെൽഫിൽ ഹിന്ദിയിലും ഉറുദുവിലുമുള്ള വിവിധ പുസ്തകങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്. ഇതേ തട്ടിൻറെ ഒരു മൂലയിൽ പഴയ ഉറുദു ദിനപ്പത്രങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. കടയോടു ചേർന്ന് പുറത്ത് ചില മാഗസിനുകളും ഖുർആനുകളും മിസ്വാക്കുകളും ഇടപാടുകാരെ ആകർഷിക്കാനായി വെച്ചിട്ടുണ്ട്.
റിസ്വാൻ പറയുന്നു: "ഞങ്ങളുടെ ബിസിനസ് ലാഭം ഏകദേശം പകുതിയായി ചുരുങ്ങിയിരിക്കുന്നു. ഉറുദു പുസ്തകങ്ങളും പത്രങ്ങളും ജനങ്ങൾ എടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നെങ്കിലും , ഇപ്പോൾ കഷ്ടിച്ചാണ് ഒരാളെങ്കിലും വായിക്കുന്നത്". ഒരു യുവാവായിരുന്ന സമയത്ത് ഈ ബസാറിലുണ്ടായ സ്ഥലമാറ്റങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തുകയാണ് റിസ്വാൻ. "നേരത്തെ, ഇവിടെ ചുറ്റും ഒരുപാട് ബുക്സ്റ്റോറുകൾ പതിവായി കാണാമായിരുന്നു. ഇന്ന് അതൊന്നുമില്ല".
അടുത്ത കാലത്ത് നൂഹിലും ഹരിയാനയിലുമുണ്ടായ വർഗ്ഗീയ കലാപങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. എങ്ങനെയാണ് വർഗ്ഗീയ സംഘർഷങ്ങൾ അവരുടെ ബിസിനസിൽ വലിയ പരാജയങ്ങൾ സൃഷ്ടിച്ചതെന്നും വിശദീകരിക്കുന്നു. "2014നു ശേഷം ചുറ്റുപാടുകൾ പൂർണ്ണമായും മാറിയിരിക്കുന്നു. ഓരോ ദിവസങ്ങളിലും പല വാർത്തകളും ഞമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. ഈ അടുത്ത് നൂഹിൽ പെട്ടെന്നുണ്ടായ സംഭവം ഞങ്ങളുടെ ബിസിനസിന് ഗുരുതര പരിക്കേൽപ്പിച്ചു. കാരണം, സാഹിത്യ ഗ്രന്ഥങ്ങളുടെ വലിയൊരു ഭാഗം അവിടേക്ക് പതിവായി വിറ്റുപോകാറുണ്ടായിരുന്നു. വർഗ്ഗീയ സംഘർഷങ്ങൾ ഞങ്ങളുടെ കച്ചവടത്തെ മാത്രമല്ല ജീവിതത്തേയും ബാധിച്ചിരിക്കുന്നു".
കഴിഞ്ഞ വർഷങ്ങൾക്കിടയിൽ, ഉറുദു ബുക്സ്റ്റോറുകൾ വസ്ത്രക്കടകളും ഹോട്ടലുകളുമായി മാറിയിരിക്കുന്നു. "ഇപ്പോൾ, അധികം പേരും ഇവിടെ വരുന്നത് കബാബും ബിരിയാണിയും കഴിക്കാൻ വേണ്ടിയാണ്. ഉറുദു വാല ലാവാരിസ് ഹോഗയാ. [ഉറുദു സംസാരിക്കുന്നവർ അനാഥരാക്കപ്പെട്ടിരിക്കുന്നു]". ളുഹ്ർ നമസ്കാരത്തിനു പോകാൻ തയ്യാറാവുന്ന റിസ്വാൻ ചിരിച്ചു കൊണ്ടാണ് പറയുന്നത്. "ഉറുദു ബസാർ എന്ന പേരുമാത്രം അവശേഷിക്കുന്നു. ഇതൊരു ഫുഡ് ബസാറാണിപ്പോൾ. ഇതെന്നെ സങ്കടപ്പെടുത്തുന്നു".
ഫ്രയിൽ അലി ഖുസ്റോ സൈദി, 69 വയസ്സ്, ഷെല്ഫുകളിൽ പുസ്തകങ്ങൾ പരതുകയാണ്. പൊടികൾ തട്ടിക്കളയുന്നുമുണ്ട്. ഉറുദു ബസാറിൽ അവശേഷിക്കുന്ന പഴക്കമേറിയ ഈ ബുക്സ്റ്റാളിലേക് മുംബൈയിൽ നിന്നു വന്ന പ്രായമായ ദമ്പതിമാർക്കു വേണ്ട പുസ്തകം തിരഞ്ഞു കണ്ടുപിടിക്കുകയാണദ്ദേഹം. 1949 മുതൽ മക്തബ ജാമിഅഃ ഇവിടെയുണ്ട്. 1978 മുതലേ സൈദി ഇവിടുത്തെ ജോലിക്കാരനാണ്. 2014 ൽ അദ്ദേഹം വിരമിച്ചു പോയെങ്കിലും സ്വമേധയാ തിരിച്ചുവരികയായിരുന്നു. മറഞ്ഞു പോകുന്ന ബുക്സ്റ്റോറുകളെ നേരിട്ടു സാക്ഷ്യപ്പെടുത്തുന്ന ഒരാൾ കുടിയാണദ്ദേഹം.
വൻ പുസ്തക ശേഖരമുള്ള ,വളരെ വിസ്തൃതമായ ബുക്സ്റ്റോറാണ് മക്തബ ജാമിഅഃ. ഗാലിബിൽ തുടങ്ങി മാൻഡോയിലേക്കും സാഹിറിലേക്കും ഇസ്മത്തിലേക്കും നീണ്ടു പോകുന്ന വലിയ സാഹിത്യകാരുടെ കവിതകളും, നാടകങ്ങളും, ഉപന്യാസങ്ങളുമുള്ള ഗ്രന്ഥസഞ്ചയങ്ങൾ ഇതിന്റെ പ്രശംസ വർധിപ്പിക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർ ഇവിടുത്തെ പതിവ് കാഴ്ചയായിരുന്നു. സൈദിയുടെ അഭിപ്രായത്തിൽ, ഇവിടുത്തെ സാഹിത്യ സമ്പത്തിൽ ആകൃഷ്ടയായായി നോബേൽ പുരസ്ക്കാര ബഹുമതിക്ക് അർഹയായ ആനി എർണോ 2022 ൽ ഇവിടം സന്ദർശിച്ചിട്ടുണ്ട്.
"ഉറുദു വായനക്കാരുടെ എണ്ണം കുറഞ്ഞു പോയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല". സൈദി വാദിക്കുന്നു." പുതിയ തലമുറ ഉറുദു പഠിക്കാൻ കഠിനമായി പരിശ്രമിക്കുന്നു. ഉർദുവിൽ ഇപ്പോഴും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. വായനക്കാർ വായിക്കുകയും ചെയ്യുന്നു". താമസിച്ചാണെങ്കിലും ,ഉറുദു വായനക്കാരിൽ ഒരു തിരസ്കരണമുണ്ടായിരിക്കുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. "ഒരു കുട്ടി ജനിക്കുമ്പോൾ ഒരു മാതാവ് അവളുടെ കുട്ടിക്ക് ഉർദുവിനെക്കാളും ഹിന്ദിയെക്കാളും മുൻഗണന നൽകുന്നത് ഇംഗ്ലീഷ് വാക്കുകൾ പഠിച്ചെടുക്കാനാണ്. നാം ഉർദുവിൽ സംസാരിക്കുമ്പോൾ നമുക്കൊരു അപകർഷബോധം അനുഭവപ്പെടുന്നു .ലോക നേതാക്കളിലേക്കു നോക്കൂ, അവർ അഭിമാനത്തോടെ അവരുടെ ജന്മസിന്ദമായ ഭാഷയിൽ സംസാരിക്കുന്നു". അദ്ദേഹം പറയുന്നു ."കൊളോണിയൽ വിജ്ഞാപനം ഇന്ത്യൻ ജനങ്ങളിലും അവരുടെ ചിന്താമണ്ഡലങ്ങളിലും ഒരു പ്രതീതിയുണ്ടാക്കി തുടർന്നുകൊണ്ടിരിക്കുന്നു ."അദ്ദേഹം കൂട്ടിച്ചേർക്കുന്നു ."സാധാരണ ജനങ്ങൾ മാത്രമാണിപ്പോൾ ഉറുദു പഠിച്ചുകൊണ്ടിരിക്കുന്നത് ". 2023 സെപ്തംബറിൽ ,ഡൽഹിയിൽ നടന്ന ജി20 സമ്മിറ്റിനിടെ ഒരാഴ്ചത്തേക്ക് മക്തബ ജാമിഅഃ അടച്ചിട്ടു .ഈ വാർത്ത ലോകത്താകമാനമുള്ള ഉറുദു ഭാഷാരാധകരുടെ ശ്രദ്ധയാകർഷിക്കാൻ ഇടയായി .ബുക്സ്റ്റോർ അടച്ചിടാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക പ്രതിസന്ധിയാണെന്നുള്ളതാണ് അത്ഭുതപെടുത്തുന്ന വസ്തുത . ഇവിടെ മുസ്ലിം സമുദായവും സംസ്കാരവുമായി പ്രത്യേകം ബന്ധപ്പെട്ടുകിടക്കുന്ന ഉറുദു ഭാഷയെ രാഷ്ട്രീയ വൽക്കരിക്കാനുള്ള ഒരു ശ്രമം കൂടി നടക്കുന്നു . "ഇതൊരു രാഷ്ട്രീയ കുടിപ്പകയാണ് ". സൈദി പറയുന്നു ."ഈ ഭാഷ ഒരു പ്രത്യേക സമുദായവുമായി മാത്രം ബദ്ധപ്പെട്ടുകിടക്കുന്നുവെന്നുള്ളത് വാസ്തവ വിരുദ്ധമാണ് .മുസ്ലിമീങ്ങൾക്കു പുറമെ അത്ര തന്നെ അമുസ്ലിമീങ്ങളും ഈ ഭാഷയിൽ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട് ". ഈ ഭാഷയുമായി ബന്ധപ്പെട്ട് മതിയായ പണം സമ്പാദിക്കാനുള്ള അവസരങ്ങളൊന്നുമില്ലെന്നുള്ളതാണ് ഇതിനെ അകറ്റിനിർത്തപ്പെടാനുള്ള കാരണമായി അദ്ദേഹം പറയുന്നത് .
സൈദിയുടെ ഓർമ്മശക്തി എന്നെ അത്ഭുതപ്പെടുത്തുന്നു .ഉറുദു ബസാറിൽ ഇതുവരെ അടച്ചുപോയ ബുക്സ്റ്റോറുകളുടെ പേരുകൾ ഓർമിക്കുകയാണദ്ദേഹം ."മിർ സലുദീൻ നിസാമുദ്ധീൻ ,ഇതര തബ്ലീഗ്-ഇ-ദീനിയത് ,മക്തബ-ഇ-ശഹ്റ ,മക്തബ ബുർഹാൻ ,നദ്വത്തുൽ മുസാനിഫീൻ ,ലജ്പത് റായ് ആൻഡ് സൺസ് ,ഖുതുബ് ഖാന റശീദിയ്യ ,സെൻട്രൽ ബുക്ക് ഡിപോട് ,സംഗം കിതാബ് ഘർ ,ഇൽ മി ഖുതുബ് ഖാന ,ഖുതുബ് ഖാന ഹമീദിയ്യ ,സാഖി ബുക്ക് ഡിപോട് , ചാമൻ ബുക്ക് ഡിപോട് ,ഖുതുബ് ഖാന നസ്റിയ ,ദീനി ബുക്ക് ഡിപോട് ". എന്നിട്ടും ,ഉറുദു ഭാഷയിലും ഉറുദു ബസാറിലും പ്രതിശ്യായോടെ വീക്ഷിക്കുകയാണദ്ദേഹം ."ഉറുദു ഭാഷ ഇല്ലാതായിത്തീർന്നിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല ". അദ്ദേഹം പറയുന്നു ."ഈ ഭാഷയിൽ നമുക്കുണ്ടായിരുന്ന എഴുത്തുകാരും വായനക്കാരും കാലക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു . അടച്ചുപോയ ബുക്സ്റ്റോറുകൾ നമുക്കൊരിക്കലും തിരിച്ചുകൊണ്ടുവരാൻ സാധിക്കില്ല .ഒരു ബുക്സ്റ്റോർ എങ്കിലും ഇതിനെയെല്ലാം അതിജീവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ".
1939 ൽ സ്ഥാപിതമായ മറ്റൊരു ബുക്സ്റ്റോറുണ്ടിവിടെ .'ഖുതുബ് ഖാന അഞ്ചുമൻ-ഇ-താരിഖീ' എന്ന പേരിലാണിത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് . മക്തബയിലേക്കു നീങ്ങുന്നതിനു മുമ്പ് സൈദി ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത് .ഇതിൻറെ യഥാർത്ഥ ഉടമസ്ഥൻ വിഭജനത്തിനു ശേഷം മൊയീനുദ്ധീന്റെ പിതാമഹൻ നിയാസുദ്ധീന് കട വിട്ടുകൊടുത്തുകൊണ്ട് പാകിസ്താനിലേക്ക് നീങ്ങുകയായിരുന്നു .ഒരു വർഷം മുമ്പ് മരണപ്പെട്ട നിസാമുദ്ധീന് ശേഷം ഈ കട നിയന്ത്രിക്കുന്നത് മൊയീനുദ്ദീനും അവൻറെ രണ്ടു സഹോദരന്മാരുമാണ് .
റിസ്വാന്റെ കാഴ്ചപ്പാടുതന്നെയാണ് മൊയീനുദ്ദീനും ആവർത്തിക്കുന്നത് .കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഉറുദു പുസ്തകങ്ങളുടെ വില ക്ഷയിച്ചുപോയിരിക്കുന്നു ."ചില ദിവസങ്ങളിൽ ഒരാളും വരാറില്ല .മറ്റു ചില ദിവസങ്ങളിൽ ഷോപ് തിങ്ങിനിറഞ്ഞിട്ടുണ്ടാകും .എങ്കിലും പതിവായി വന്നുകൊണ്ടിരിക്കുന്നവർ വളരെ തുച്ഛമാണ് ".അദ്ദേഹം പറയുന്നു .
ഈ ബുക്സ്റ്റാളിൽ അറബി ,ഉറുദു ,പേർഷ്യൻ ,ഹിന്ദി ഭാഷകളിലുള്ള പുസ്തകങ്ങളുമുണ്ട് .പലപ്പോഴും വിറ്റുപോകുന്നത് മതഗ്രന്ഥങ്ങളാണെന്ന് മൊയീനുദ്ധീൻ പറയുന്നു . ഉറുദു ഭാഷയുടെ സത്തയെ സംരക്ഷിക്കാൻ അതു പഠിക്കൽ ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു ."ഇന്നത്തെ കാലത്ത് കുട്ടികളെ ഞമ്മൾ ഉറുദു പഠിപ്പിക്കുന്നില്ല .പുതിയ തലമുറ ഉറുദുവിനേക്കാളും ഇംഗ്ലീഷ് ഭാഷയ്ക്ക് വളരെയേറെ വശീകരിക്കപ്പെട്ടിരിക്കുന്നു . സ്കൂൾ ,കോളേജ് ,യൂണിവേഴ്സിറ്റിയിൽ നിന്നെല്ലാം ഉറുദു എടുത്തുകളയപ്പെട്ടിരിക്കുന്നു .ഇതിന്റെയെല്ലാം ഉത്തരവാദികൾ ആരാണ് ?"അദ്ദേഹം ചോദിക്കുന്നു ."അങ്ങനെയെല്ലാമാണെങ്കിൽ പോലും ഉറുദുവിനിവിടെ വായനക്കാരുണ്ട്.അതാണ് ഞങ്ങളെയും തുടരാൻ പ്രാപ്തരാക്കുന്നത് ".
ഈന്തപ്പയം വിൽക്കുന്ന ഒരു ചെറിയ കടയായി മാറിയിരിക്കുന്ന സുൽഫിഖർ ബുക്ക് ഡിപോട്ടിലേക്ക് എത്തിച്ചേരുമ്പോൾ ,80 വയസ്സുള്ള അലാവുദ്ധീനാണ് 5 വർഷങ്ങൾക്ക് മുമ്പ് തൻറെ മരുമകൻ മരിച്ചുപോയത് മുതൽ ഈ ഷോപ് നോക്കിനടത്തുന്നത് . വിശുദ്ധ ഖുർആനും ഹദീസ് ഗ്രന്ഥ്ങ്ങളും ചില ഇസ്ലാമിക സാഹിത്യ കൃതികളും മാത്രമാണിവിടെയുള്ളത് . "ഉറുദു സാഹിത്യ കൃതികളുടെ ആവിശ്യം മങ്ങിപ്പോയിരിക്കുന്നു .ഞങ്ങളിവിടെ വെറുതെ വിശ്രമിച്ചു സമയം കളയുകയാണ് ". പുറത്തെ വാഹന ഗതാഗതം നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു . അലാവുദ്ധീൻ തൻറെ അധികസമയവും ഈ ബുക്സ്റ്റോറിലാണ് ചിലവഴിക്കുന്നത് .മാത്രമല്ല ഈ കച്ചവട മാദ്ധ്യത്തിൽ അദ്ദേഹത്തിന് യാതൊരുവിധ സംഭ്രമവുമില്ല .
ഉറുദു ബസാറിന്റെ ഭാവിയെ കുറിച്ച് ചോദിക്കുമ്പോൾ പ്രത്യാശ നഷ്ടപ്പെട്ടവനായി അദ്ദേഹത്തെ കാണപ്പെടുന്നു ."ബുക്സ്റ്റോറുകൾ ഹോട്ടലുകളായി പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു .ഇവിടെ പുസ്തകങ്ങളെക്കാൾ ആവിശ്യക്കാരുണ്ട് ഭക്ഷണത്തിന്". അദ്ദേഹം പറയുന്നു: ഭരണഘൂടം ഈ ഭാഷയെ സംരക്ഷിക്കാൻ മുൻകൈയെടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ."ഭരണഘൂടം ഈ ഭാഷയെ ഉന്മൂലനം ചെയ്യുന്ന പ്രവർത്തനത്തിലാണ് .അവർ ഉറുദു പേരുകൾ മാറ്റി ഹിന്ദിയെ ഉറുദുവിനേക്കാൾ പ്രോത്സാഹിപ്പിക്കുന്നു". അഹ്മദ് നബി, കഴിഞ്ഞ 30 വർഷമായിട്ട് ഖുതുബ് ഖാന അസീസിയയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. 1937 ൽ അദ്ദേഹത്തിൻ്റെ പിതാമഹൻ സാമിയുല്ലാഹ് ഖാസിമി തുടങ്ങിയതാണീ ബുക്സ്റ്റോർ. വളരെ ചരിത്രപ്രാധാന്യമുള്ള ഷോപ്പാണിതെന്ന് അദ്ദേഹം വിസ്തരിക്കുന്നു .കാരണം, പല പ്രശസ്ത കവികളും രാഷ്ട്രീയ പ്രവർത്തകരും ഇവിടം സന്ദർശിച്ചിട്ടുണ്ട് .സാമ്പത്തിക അസ്ഥിരത കാരണത്താൽ നബി 8 ജോലിക്കാരെ പിരിച്ചുവിട്ടു .ഇപ്പോൾ മറ്റൊരാൾ മാത്രമാണ് ഷോപ് നടത്താൻ അദ്ദേഹത്തെ സഹായിക്കുന്നത്. അദ്ദേഹം പറയുന്നു: "തുടക്കത്തിൽ ബിസിനസ് വളരെ മെച്ചപ്പെട്ടതായിരുന്നു. ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള കവികൾ ഇവിടെ ഒരുമിച്ചുകൂടി അവരുടെ കവിതകൾ മുഷാഅറയായും മെഹ്ഫിലുകളായും അവതരിപ്പിക്കൽ പതിവായിരുന്നു.
ജവഹർലാൽ നെഹ്റു ,സുഭാഷ് ചന്ദ്രബോസ് ,സാകിർ ഹുസൈൻ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ഇവിടെ സ്ഥിരം വരാറുണ്ടായിരുന്നു". ഉറുദു ഭാഷയും അതിൻ്റെ വായനക്കാരും അതിനാലുള്ള കച്ചവടവും അധഃപതിച്ചതിന്റെ പ്രധാന കാരണമായി അദ്ദേഹം കാണുന്നത് ഡിജിറ്റൈസേഷനാണ് ."ഇപ്പോൾ ജനങ്ങൾക്ക് ഇന്റെർനെറ്റുണ്ട് .ഏതൊരു ബുക്കും ഓൺലൈനിൽ വായിച്ചെടുക്കാൻ അവർക്കു സാധിക്കുന്നു .പേപ്പറിൽ വായിക്കാനുള്ള ആഗ്രഹത്തെ ഇതില്ലാതാക്കുന്നു .ഇപ്പോൾ വളരെ കഷ്ടിച്ചാണ് ആരെങ്കിലും പുസ്തകങ്ങൾ വാങ്ങാൻ ബുക്സ്റ്റോറിലെത്തുന്നത് .അതിനുപുറമെ അതൊരു ഉറുദു പുസ്തകം കൂടിയാണെങ്കിൽ പ്രത്യേകിച്ചും ". അദ്ദേഹം വിശദീകരിക്കുന്നു .
തുടർന്നുകൊണ്ടിരിക്കുന്ന ഗതാഗത നിരത്തിലെ ശബ്ദകോലാഹലങ്ങൾക്കിടയിൽ ,വൈകുന്നേരം പിൻവാങ്ങാനടുക്കുമ്പോൾ ഉറുദു ബസാർ ശൂന്യമായി കാണപ്പെടുന്നു .ഉറുദു ബസാറിൽ നിന്നും ജനമനസ്സുകളിൽ നിന്നും കാലം ഗ്രന്ഥശാലകളുടെ വലിയൊരു പങ്കും മായ്ചുകളഞ്ഞിരിക്കുന്നു .ഇപ്പോൾ ,ഭാവിയെക്കുറിച്ചു വ്യക്തമായൊരു സൂചനയുമില്ലാതെ, നാലോ അഞ്ചോ ബുക്സ്റ്റോറുകൾ മാത്രമാണിവിടെ അവശേഷിച്ചുകിടക്കുന്നത് . "ഈ അവസ്ഥ വളരെ മോശമാണ് " അവസാനമായി നബി പറഞ്ഞു."ഞങ്ങൾ അരിഷ്ടിച്ചു ജീവിക്കുകയാണ് .ഈ ബുക്സ്റ്റോറുകൾ അടുത്ത പത്ത് വർഷം പോലും ഇവിടെയുണ്ടാകുമെന്നെനിക്ക് തോന്നുന്നില്ല" .
69 വയസ്സുള്ള ,ആസിഫ് ഫെഹ്മി 'ദിൻ ദുനിയാ' ഉറുദു മാഗസിന്റെ എഡിറ്ററാണ് .അദ്ദേഹത്തിന്റെ പിതാവ് 1921 ൽ തുടങ്ങിവെച്ചതാണിത് .ഇതിന്റെ ആരംഭത്തിൽ രാഷ്ട്രീയവും ഉപന്യാസങ്ങളും സിനിമകളും സാമൂഹിക സ്ഥിതിഗതികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ടാബ്ലോയിഡായിരുന്നു.
"ഈ മാഗസിനിലൂടെ ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത് എന്റർടൈൻമെന്റും വിജ്ഞാനവും മാത്രമായിരുന്നില്ല ,സമൂഹത്തിനു ചെയ്യാവുന്ന ഒരു സേവനം കൂടിയായിരുന്നു ".അദ്ദേഹം പറയുന്നു . വിഭജനത്തിനുശേഷം 'ദിൻ ദുനിയാ 'മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങി .കോവിഡ് പ്രഹരമേല്പിച്ചപ്പോഴും അത് തുടർന്നു. നിലവിൽ, രണ്ടു വർഷത്തിന് ശേഷം, ഈ പൈതൃകം കാത്തുസൂക്ഷിക്കാൻ പാടുപെടുകയാണ് ഫെഹ്മി. സാമ്പത്തിക പ്രയോഗക്ഷമതയും ഉറുദു വായനക്കാരുടെ തിരസ്ക്കരണവും പരസ്യക്കമ്പനികളുടെ അഭാവവും പ്രസിദ്ധീകരണം നിർത്താനുണ്ടായ ചില കാരണങ്ങളാണ്. "ഇക്കാലത്ത് ,ഉറുദു പത്രങ്ങളോ പുസ്തകങ്ങളോ ആരും തന്നെ വായിക്കുന്നില്ല .ഞങ്ങൾ പൂർണ്ണമായും ഉറുദു വായനക്കാരെ ആശ്രയിച്ചിരിക്കുന്നവരാണ്". അദ്ദേഹം പറയുന്നു. "ഭരണഘൂടത്തേക്കാൾ ഒരു ഭാഷയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് ". കാലം കടന്നുപോയിക്കൊണ്ടിരിക്കെ ,ഉറുദു പ്രസിദ്ധീകരണ വ്യവസ്ഥയിൽ കാലക്രമേണയുണ്ടായ മാറ്റങ്ങളെ സാക്ഷ്യപ്പെടുത്തുകയാണ് ഫെഹ്മി ."പാകിസ്താനി പുസ്തകങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുന്നുണ്ട് .അതുകൊണ്ട് ,പ്രസാധകർ അതിനെ പകർത്തിയെടുക്കാൻ എളുപ്പമാർഗം കണ്ടെത്തുന്നു .ഇവിടെ സർക്കാർ ഫണ്ടിലുള്ള മാഗസിനുകൾ മാത്രമാണവശേഷിച്ചുകിടക്കുന്നത് .പുറത്തതിന് വായനക്കാരില്ലാത്തത് കാരണം, അതുകൊണ്ട് യാതൊരുവിധ ലാഭവും ഞങ്ങൾക്കില്ല ". അദ്ദേഹം പറയുന്നു ."ഉറുദു സാഹിത്യ ഗ്രന്ഥങ്ങളെക്കാൾ കുടുംബങ്ങളിൽ ഖുർആൻ അംഗീകരിക്കപ്പെട്ടിരിക്കുന്നു .ഡിജിറ്റൽ പരിവർത്തനം സ്ഥാനമേറ്റെടുത്തതോടു കൂടി പുസ്തകങ്ങളെല്ലാം മറഞ്ഞു പോയിക്കൊണ്ടിരിക്കുകയുമാണ് ". മാസികയെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട് ഫെഹ്മി .അതിനു കഴിയുമെങ്കിൽ ത്രൈമാസികയായി പ്രസിദ്ധീകരിക്കുമെന്നും പറയുന്നു ."നിലവിൽ ,ഈ മാഗസിൻ തുടങ്ങാൻ ഞങ്ങൾക്കൊരു സ്ഥലമില്ല .ഇത് നിലനിർത്തിക്കൊണ്ടു പോവാൻ സാധനസാമഗ്രികളും സമ്പത്തും ഞങ്ങൾക്ക് ആവിശ്യമാണ് ". അദ്ദേഹം പറയുന്നു ."ഉറുദു ഭാഷ സംരക്ഷിക്കാൽ അനിവാര്യമാണ് .ഇതിന്റെ നാശത്തിനു വഴിവെട്ടാൻ ഞങ്ങളെക്കൊണ്ട് സാധിക്കുകയില്ല .പക്ഷെ ഇതു സംരക്ഷിക്കാനാവിശ്യമായ സാധനസമ്പത്തുകൾ ഞങ്ങളുടെ പക്കലില്ല ". പഴയ ഡൽഹിയുടെ ഒരു ഉപനിരത്തിൽ സ്ഥിതിചെയ്യുന്ന ,തിരക്കുപിടിച്ച ഉറുദു ബസാറിൽ നിന്നും അല്പം ദൂരെയായി ,'ഹസ്റത് ഷാ വലിയുല്ലാഹി ' ലൈബ്രറി സന്ദർശകരെ കാത്തുകിടപ്പുണ്ട് .1994 ലാണ് ഈ ലൈബ്രറി നിർമിച്ചത് . വർഗ്ഗീയ ലഹളകൾ പഴയ നഗരത്തെ വിഴുങ്ങിയതിനു ശേഷം ഡൽഹി യൂത്ത് വെൽഫെയർ സംഘടനയാണ് സ്വയം മുൻകൈയെടുത്ത് ഇത് നടത്തിക്കൊണ്ടു പോവുന്നത് .സാധാരണക്കാരായ ജനങ്ങൾക്ക് വായിക്കാനും ഒരുമിച്ചുകൂടാനും ഒരു സ്ഥലം സജ്ജീകരിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണിതു നിർമിച്ചത് .ഇപ്പോൾ ഈ ലൈബ്രറിയുടെ ഏക ലക്ഷ്യം ഉറുദു ഭാഷയുടെ പരിപാലനവും പുനരുദ്ധാരണവുമാണ് . 60 വയസ്സുള്ള മുഹമ്മദ് ഷെരീഫ് 17 വർഷമായിട്ട് ഈ ലൈബ്രറിയിൽ സന്നദ്ധസേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് .ഉറുദുവിലും ഇംഗ്ലീഷിലും പേർഷ്യനിലുമായി 1,000 ഗ്രന്ഥങ്ങൾ ഇവിടെയുണ്ട് . പുസ്തങ്ങൾ അടുക്കിവെച്ച ഇടതൂർന്ന ഷെൽഫുകളുള്ള ഒരിടമാണിത് .ഒന്നിടവിട്ട ദിവസങ്ങളിലായി 4 സന്നദ്ധപ്രവർത്തകർ ഇവിടെ സേവനം ചെയ്തുകൊണ്ടിരിക്കുന്നു . ഉറുദു ബസാറിൽ നിന്നും വേർപിരിഞ്ഞു കിടക്കുന്ന ഒരു ലൈബ്രറിയായിട്ടും പൊതുവായ അഭിപ്രായം തന്നെയാണ് ഇവർക്കും പറയാനുള്ളത് ,ഉറുദു ഭാഷയുടെ രൂപം ജീവനോടെ സംരക്ഷിക്കണം . "ജനങ്ങൾക്കു സേവനം ചെയ്യാൻ വേണ്ടി എല്ലാ ദിവസവും ഞാനിവിടെ വരാറുണ്ട് ". ഒരു മരക്കസേരയിൽ ഇരുന്നുകൊണ്ട് ഷെരീഫ് പറഞ്ഞു ."അധികമായും വിദ്യാർത്ഥികളും ഗവേഷകരുമാണ് ഇവിടെ വരാറുള്ളത് ". അദ്ദേഹം പറയുന്നു ."ജപ്പാനിൽ നിന്നു പോലും ഒരു യുവതി ഗവേഷണം നടത്താൻ ഇവിടെ വന്നിട്ടുണ്ട് .ഈ അവസ്ഥക്കു നേർവിപരീതമായി ,നമ്മുടെ സ്വന്തം ജനങ്ങൾക്ക് ഇവിടെയൊരു ലൈബ്രറി ഉണ്ടെന്നുപോലുമറിയില്ല ". എല്ലാ ദിവസവും കൂടുതൽ സന്ദർശകർ എത്തിച്ചേരുമെന്ന പ്രതീക്ഷയോടെയാണ് ലൈബ്രറി തുറക്കുന്നത് ."സന്ദർശകർക്കു വായിക്കാൻ വേണ്ടി ഞങ്ങളിവിടെ ഉറുദു ദിനപത്രങ്ങളും കാത്തുസൂക്ഷിക്കുന്നു ". അദ്ദേഹം പറയുന്നു ."ചിലരിവിടെ സദാ ഉറുദു വായിച്ചുകൊണ്ടിരിക്കുന്നു .അവരുമാത്രമാണ് ഞങ്ങളുടെ പ്രത്യാശ ". ഉറുദു ബസാറിലെ ബുക്സ്റ്റോറുകളെപ്പോലെ ഈ ലൈബ്രറിയും നിശ്ശബ്ദതയിൽ ആണ്ടുകിടക്കുന്നു . വായനക്കാരുടെ അഭാവവും ഈ നിശ്ശബ്ദതയും ഷെരീഫിന് പതിവായിരിക്കുന്നു ."ഞങ്ങൾ മരിക്കും ".അദ്ദേഹം പറയുന്നു .”പക്ഷെ ,ഈ ഭാഷ ഒരിക്കലും മരിച്ചു പോകില്ല .ഇത് ഞങ്ങളുടെ രക്തസിരകളിലൂടെ ഓടിക്കൊണ്ടിരിക്കും. അതൊരിക്കലും മായ്ച്ചുകളയാൻ സാധിക്കുകയുമില്ല”.
വിവർത്തനം : മിദ്ലാജ് യു അവലംബം : ഫ്രന്റ് ലൈൻ