പള്ളിദർസുകൾ;പാരമ്പര്യത്തിൻ്റെ പൊതുബോധം
🖊 കെ ടി അജ്മൽ പാണ്ടിക്കാട്
പള്ളിദർസുകൾ;പാരമ്പര്യത്തിൻ്റെ പൊതുബോധം
🖊 കെ ടി അജ്മൽ പാണ്ടിക്കാട്
പള്ളിദർസ്; പഠന തപസ്യയുടെ പറുദീസയാണത്. പ്രവാചക പാരമ്പര്യത്തിന്റെ പ്രതീകം. ജ്ഞാനോദയത്തിന്റെ വിശ്വവേദി. വിജ്ഞാനത്തിന്റെ വിള ഭൂമി.വിശുദ്ധിയുടെ വികാര കേന്ദ്രം. സനാതനത്വത്തിന്റെ സന്നിധാനം. ശിക്ഷണത്തിന്റെ ശില്പശാല. ആത്മീയതയുടെ ആകെത്തുക. അനശ്വര വിജയത്തിൻ്റെ ആശാകേന്ദ്രം. സ്വർഗ്ഗത്തിലേക്കുള്ള പാത. അമൂല്യമായ വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും കർമ്മങ്ങളുടെയും ധർമ്മങ്ങളുടെയും അതുല്യമായ, അപൂർവമായ, അഭൗമമായ സംഗമമാണ് പള്ളിദർസുകൾ. വിശ്വത്തെ വിജ്ഞാനം കൊണ്ട് പ്രഭാപൂരിതമാക്കിയ വിശ്വാസികളും വിജ്ഞാനകുതുകികളും പള്ളിദർസിന്റെ സംഭാവനകളാണ്. കണ്ണെത്താത്ത വിജ്ഞാന സാഗരങ്ങളുടെ ഉറവിടങ്ങളാണ് പള്ളി ദർസുകൾ. വിജ്ഞാനത്തിന്റെ എത്രയെത്ര വിലപിടിപ്പുള്ള മുത്തുകളാണ് പ്രസ്തുത സാഗരത്തിൽ നിന്ന് അറിവിനായി സമർപ്പിക്കപ്പെട്ടത്. ഇസ്ലാമിൻ്റെ അരുണോദയം ഉണ്ടായ എല്ലാ നാടുകളിലും പട്ടണങ്ങളിലും പള്ളിദർസുകളിലൂടെയാണ് വിജ്ഞാനപ്രഭ പകർന്നു നൽകപ്പെട്ടത്. പ്രവാചക ശ്രേഷ്ഠർ വിശുദ്ധ മദീനയിലും മക്കയിലും തുടങ്ങി പിന്നെ ലോകത്തിൻ്റെ എല്ലാ കേന്ദ്രങ്ങളിലും വിശുദ്ധ മസ്ജിദുകൾ കേന്ദ്രമാക്കിയാണ് വിജ്ഞാന വിതരണം സാധ്യമായത്.പിന്നീട് ബഗ്ദാദും ഈജിപ്തും സിറിയയും സമർഖും യമനും അങ്ങനെ ഒരുപാട് രാജ്യങ്ങൾ മലബാറിന്റെ ഒരൊറ്റ മുതൽ മറ്റേയറ്റം വരെ മക്കത്തെയും മദീനത്തേയും പള്ളിക്കു നഗരനഗരാന്തരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും അമ്പലചുംബികളായ മസ്ജിദുകൾ ഉണ്ടായി. പ്രവാചക ശ്രേഷ്ഠർ മദീനയിൽ ആരംഭിച്ച പള്ളിദർസിൻ ഒപ്പിച്ചുള്ള പള്ളിദർസുകൾ ഉണ്ടായി. പള്ളിദർസുകൾ നൂറുകണക്കിന് വിജ്ഞാന വിചക്ഷണന്മാരെയും പണ്ഡിത കേസരികളെയും ഗ്രന്ഥകാരന്മാരെയും ഗവേഷണന്മാരെയും സൂഫിവര്യന്മാരെയും ഇസ്ലാമിക സന്നദ്ധ സേവകരെയും ലോകത്തിന് സമർപ്പിച്ചു. പ്രസ്തുത പണ്ഡിതന്മാർക്കും സൂഫിവര്യന്മാർക്കും വിധേയരായി, വിശ്വസ്തരായി വഴിതെറ്റാതെ മുസ്ലിം ഉമ്മത്ത് ജീവിച്ചു ഒരൊറ്റ മനസ്സോടെ ഒരു ആദർശത്തോടെ. മുസ്ലീങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിലെ പ്രധാന പള്ളികളിൽ എല്ലാം തന്നെ പള്ളിദർസുകൾ ഉണ്ടായിരുന്നു.. മഹല്ല് നിവാസികൾ എല്ലാവരും അതിൻ്റെ സംരക്ഷകരും രക്ഷിതാക്കളുമായിരുന്നു. അവരുടെ പ്രതീക്ഷയും പ്രത്യാശയും അഭയകേന്ദ്രവും കോടതിയും ഭരണകൂടവും എല്ലാം, പള്ളികളും പള്ളി ദർസ് നയിക്കുന്ന മുദരിസുമാരും ഖാളിമാരുമായിരുന്നു.
കേരളത്തിലെ പള്ളിദർസുകൾ
വിജ്ഞാന വിതരണ നവോത്ഥാന രംഗത്തെ പ്രൗഢമായ സാക്ഷ്യങ്ങളാണ് പള്ളിദര്സുകള്. മസ്ജിദുന്നബവിയിലെ അഹ്ലുസ്സുഫ്ഫയില്‍ നിന്ന് നിര്ഭവിച്ച വിദ്യാവിപ്ലവം അതിരുകള്‍ ഭേദിച്ച് ലോകം മുഴുവനും പടര്ന്നുപിടിച്ചതിൻ്റെ തെളിവുകളാണ് പള്ളിദർസുകൾ..
നൂറ്റാണ്ടുകൾക്കുമുമ്പ് പ്രവാചകർ(സ്വ)മദീനയിൽ സമാരംഭം കുറിച്ച ഒരു പഠന സംവിധാനമാണ് ദർസ്. മദീന പള്ളിയുടെ ചെരുവിൽ ഇൽമിലും ഇബാദത്തിലും നിരന്തരമായി കഴിഞ്ഞുകൂടിയ സ്വഹാബത്താണ് ദർസീ സംവിധാനത്തിന് നാന്ദികുറിച്ചത് .പള്ളിച്ചെരുവിൽ താമസിച്ചുകൊണ്ട് ദീനി വിജ്ഞാനം കരഗതമാക്കിയ അവർ അഹ്ലുസ്സുഫ എന്നപേരിലാണ് അറിയപ്പെട്ടത് .അറിവ് കൊണ്ട് അജബ് തീർത്ത വരായിരുന്നു അഹ്ലുസ്സുഫയിലെ സ്വഹാബത്തുൽ കിറാം. കേരളത്തിൽ ഇസ്ലാമിക സംസ്കാരത്തിനും മതവൈജ്ഞാനിക ജാഗരണ പ്രക്രിയക്കും തുടക്കമിട്ട മാലിക് ബ്നു ദീനാർ(റ)വും മാലിക് ഹബീബ് (റ) നുംശേഷം ഇസ്ലാമിക വിജ്ഞാന പ്രഭയെ പൗരാണിക പാരമ്പര്യ സരണിയിൽ ഉറച്ചുനിന്ന് കെടാതെ സൂക്ഷിച്ചത് പള്ളിദർസുകളായിരുന്നു.
മഖ്ദൂമുമാരുടെ കാലം മുതല്ക്കാണ് കേരളത്തിൽ വ്യവസ്ഥാപിതമായ ദര്‍സ് സംവിധാനം രൂപപ്പെടുന്നത്. അതിന് മുൻപ് കോഴിക്കോട് കുറ്റിച്ചിറയിലും മുദാക്കരയിലും ഖാളി റമളാനുശ്ശാലിയാത്തിയുടെയും പുത്രന് അബൂബക്കര്‍ കാലിക്കൂത്തിയുടെയും ശിക്ഷണത്തില്‍ ദര്‍സ് നടന്നിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
ഹിജ്റ 677 അബ്ദുല്ലാഹിൽ ഹള്റമി(റ) താനൂരിൽ നിർമിച്ചതാണ് കേരളത്തിൽ ഏറ്റവും പഴക്കംചെന്ന പള്ളിദർസ്.
മലബാർ കലക്ടർ വില്യം ലോഗൻ 1887 തയ്യാറാക്കിയ മലബാർ മാന്വലിൽ പൊന്നാനിയിലെ ഇരുപത്തി ഏഴ് പള്ളികളിൽ ദർസു നടന്നതായി സൂചിപ്പിച്ചിട്ടുണ്ട്.
1991ലെ കണക്കനുസരിച്ച് കേരളത്തില്‍ 1074 ദര്‍സുകളിലായി 1099 മുദരിസുമാരുടെ കീഴില്‍ 31,471 പേര് പഠനം നടത്തിയിരുന്നു (അവലംബം കേരള മുസ്ലിം ഡയരക്ടറി). എന്നാല്‍ 2007 ലെ കണക്ക് പ്രകാരം ദര്‍സുകളുടെ എണ്ണം 356, മുദരിസുമാര്‍ 371, വിദ്യാര്‍ഥികള്‍ 12245 (ചന്ദ്രിക, 2008 ഓഗസ്റ്റ് 26).
പതിമൂന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഇബ്നു ബത്തൂത്ത തന്റെ രിഹ്ലയില് മാടായി പള്ളിയിലെ ദര്‍സിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വിവിധ കാലങ്ങളിലായി നിരവധി ചരിത്ര പുരുഷന്മാര് പ്രാദേശികമായി സ്ഥാപിച്ച പള്ളി ദര്സുകള് പില്കാലത്ത് ചരിത്രത്തിന്റെ ഗതിമാറ്റി മറിച്ചു. എ.ഡി പതിമൂന്നാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലെ കായല്പട്ടണത്തിനുടുത്ത മഅ്ബര്‍ തീരംവഴി കൊച്ചിയിലും പിന്നീട് പൊന്നാനിയിലുമെത്തിയ മഖ്ദൂം കുടുംബത്തിന്റെ ആഗമനത്തോടെയാണ് ഈരംഗത്ത് വലിയ കുതിച്ചു ചാട്ടം സാധിച്ചത്.
പൊന്നാനിയില്‍ വലിയ മഖ്ദൂം സ്ഥാപിച്ച വലിയ പള്ളിയും അതിനോടനുബന്ധിച്ചു തുടങ്ങിയ പള്ളി ദര്സുമാണ് കേരള മുസ് ലിംകളുടെ ദീനീ ചൈതന്യത്തിനു ഊര്‍ജം പകര്‍ന്നത്.
കൂടെത്തന്നെ നിരന്തരമായ ഹള്റമീ, ബുഖാരീ സാദാത്തുക്കളുടെ ആഗമനം കൂടി നടന്നപ്പോള്‍ അറിവില്‍ നിറഞ്ഞ ആത്മീയ പ്രഭ കേരളത്തിലെ മുസ്ലിംകള് അനുഭവിച്ചു.
പൊന്നാനിയിലെ ‘വിളക്കത്തിരുത്തം’ പ്രാദേശിക ദീനീ വ്യാപനത്തിന്റെ തിരികൊളുത്തല്‍ കൂടിയായപ്പോള്‍ ഉള്‍നാടുകളിലും ഇസ് ലാമിക വിജ്ഞാനീയങ്ങള്‍ക്ക് നല്ല പ്രചാരം ലഭിച്ചു.
സാഹചര്യങ്ങളും സാമൂഹിക കാഴ്ചപ്പാടുകളും ക്രമേണ മാറിമറിഞ്ഞു കൊണ്ടിരുന്നപ്പോള്‍ പരമ്പരാഗത രിതികള്‍ക്ക് പരിവര്‍ത്തനം വന്നുകൊണ്ടിരുന്നു. മൗലാനാ ചാലിലകത്തിന്റെ കാലഘട്ടമായപ്പോഴേക്ക് പള്ളി ദര്‍സുകളുടെ തനിമ നിറുത്തിത്തന്നെ അറബിക്കോളേജുകളുടെ പരീക്ഷണം തുടങ്ങിയിരുന്നു. എന്തു മാറ്റം സംഭവിച്ചാലും പള്ളി ദര്സുകള് ശീലിപ്പിച്ച ഒരു സംസ്കാരത്തിന്റെ വലിയ ഗുണങ്ങളാണ് ഇന്നത്തെ കേരള മുസ്ലിംകള് അനുഭവിക്കുന്നത്.
ഓത്തുപള്ളി മുതല്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള യൂണിവേഴ്സിറ്റികള്‍ വരെ നടത്താന്‍ കേരളത്തിലെ മതനേതൃത്വത്തിന് ഊര്‍ജവും ഉള്‍ക്കരുത്തും ലഭിച്ചത് പള്ളിമൂലകളിലിരുന്നുള്ള കിതാബോത്തുകള് കൊണ്ടുതന്നെയായിരുന്നു. ഖൂര്‍ആനും ഹദീസും കര്‍മശാസ്ത്രവും സാഹിത്യവും വ്യാകരണവും ഗോളശാസ്ത്രവും ഭൂമിശാസ്ത്രവും ചരിത്രവും ആദ്ധ്യാത്മികതയും ഇടകലര്‍ന്നു നില്ക്കുന്ന കിതാബുകളുടെ ലോകത്തു നിന്ന് ആവാഹിച്ച അറിവില്‍ നിന്നുകൊണ്ട് സക്രിയമായി ചിന്തിച്ചും ക്രിയാത്മകമായി പ്രവര്‍ത്തിച്ചും നാം നേടിയതാണീ ചൈതന്യം.
മഖ്ദൂമുമാര്‍, കോഴിക്കോട് ഖാസിമാര്‍, യമനില്‍ നിന്നും ബുഖാറയില്‍ നിന്നുമെത്തിയ സയ്യിദന്മാര്, ഉമര്‍ ഖാസി, ഔക്കോയ മുസ്ലിയാര്, ഖുതുബി, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ(റ) തുടങ്ങി മണ്മറഞ്ഞ ആയിരക്കണക്കിന് മഹാപണ്ഡിതന്മാര് ദര്‍സിലൂടെ വളര്‍ന്നുവന്നവരും ദര്‍സ് പ്രസ്ഥാനത്തെ വളര്‍ത്തിയവരുമാണ്.പരമ്പരാഗതമായി ദര്‍സ് നടത്തപ്പെട്ടിരുന്ന ചില പള്ളികളില്‍ ദര്‍സിന്റെ പ്രതാപം അസ്തമിച്ചെങ്കിലും മറ്റുചില പള്ളികളില്‍ പൂര്‍വോപരി ദര്‍സ് പ്രസ്ഥാനം ശക്തിപ്പെടുകയും പുതിയ നിരവധി സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നത് ആശാവഹമാണ്.
പൊന്നാനിയുടെ പാരമ്പര്യം
കേരളത്തിൻ്റെ വിവിധ ദിക്കുകളിലെ പള്ളി ദർസുകളിലായി കിതാബോത്തിയവർ ഉന്നത പഠനത്തിനും പ്രതീകാത്മക ബിരുദത്തിനും തെരഞ്ഞെടുത്തത് പൊന്നാനിയെ ആയിരുന്നു. വലിയ പള്ളിയിലെ തൂക്കു വിളക്കിന് ചുറ്റും ഇരുന്ന് മഖ്ദൂമിന് കീഴിൽ പഠനം നടത്തിയ പണ്ഡിതന്മാരാണ് പിൽക്കാലത്ത് കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. അൽ അസ്ഹർ മാതൃകയിൽ വിഖ്യാത പഠന കേന്ദ്രമാക്കണമെന്ന ആഗ്രഹത്തോടെയാണ് ഒന്നാം മഖ്ദൂം തൻ്റെ ദർസിന് ആരംഭം കുറിക്കുന്നത്. പക്ഷേ തൻ്റെ ജീവിതകാലത്ത് ആ ആഗ്രഹം സാധിച്ചു വെക്കാൻ മഖ്ദൂമിന് കഴിഞ്ഞില്ല. പിൽക്കാലത്ത് അതിനുള്ള അവസരങ്ങൾ കൈവന്നിട്ടും അക്കാലത്ത് സമുദായ മധ്യത്തിൽ നിലനിന്നിരുന്ന കൊണ്ടോട്ടി-പൊന്നാനി കൈത്തർക്കവും ടിപ്പുവിന്റെ ഭൂപരിഷ്കരണ നിയമവും മൂലം ഈ പദ്ധതി ലക്ഷ്യം കാണാതെ പോകുകയാണ് ഉണ്ടായത്. അൽ അസ്ഹർ കാലത്തിനൊത്ത് ഉയർന്നതുപോലെ പോലെ മഖ്ദൂമിന്റെ സ്വപ്നം പൂവണിയിക്കാൻ പിന്നീട് വന്നവർക്ക് കഴിഞ്ഞതുമില്ല. വിജ്ഞാന സംമ്പാദനത്തെ തൊഴിൽ ലഭ്യതയുടെ കണ്ണിലൂടെ നോക്കിക്കാണുന്ന സമകാലിക പരിസ്ഥിതിയിൽ, പഴയകാല പൊന്നാനി ദർസിന്റെ ലക്ഷ്യവും മനസ്സിലാക്കുന്നത് നല്ലതാണ്. തീർത്തും ആത്മീയത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കാലത്ത് ദർസ് നിലനിന്നിരുന്നത്. വിശ്വ പ്രസിദ്ധ പണ്ഡിതനും ശാഫിഈ മദ്ഹബിലെ സുപ്രധാന ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവുമായ ഇമാം ഇബ്നു ഹജറുൽ ഹൈത്തമി(റ) അടക്കമുള്ളവർ പൊന്നാനിയിലെ മഹദൂമിന്റെ ദർസ് സന്ദർശിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു.
പഠന- മാധ്യമ- സംസ്കാരിക രംഗങ്ങളിൽ യൂറോപ്യൻ കലാലയങ്ങൾക്കൊപ്പമോ അല്ലെങ്കിൽ അതിനേക്കാൾ മികച്ചതോ ആയ നിലവാരമാണ് മഖ്ദൂമിന്റെ കാലത്തെ പൊന്നാനി നിലനിർത്തിയിരുന്നത്. ഖുർആൻ, ഹദീസ്, തസവ്വുഫ്, തഫ്സീർ, ഫിഖ്ഹ് (കർമ്മശാസ്ത്രം), അഖീദ(വിശ്വാസശാസ്ത്രം), ഹൈ അത്ത് (ഗോളശാസ്ത്രം), മൻത്വിഖ് (തർക്കശാസ്ത്രം), തത്വശാസ്ത്രം, ഹൻദസ (ജോമട്രി), നെഹ്റു സർഫു എന്നിവയായിരുന്നു മഖ്ദൂമിയ സിലബസിലെ സുപ്രധാന വിഷയങ്ങൾ. ഓരോരോ വിഷയങ്ങളില്‍ നൈപുണ്യം നേടിയ വ്യത്യസ്ത പണ്ഡിതരുടെ അടുക്കലേക്ക് പഠനാര്‍ത്ഥം പോയിരുന്ന പതിവിന് മാറ്റം വരുന്നത് മഖ്ദൂമുമാരുടെ കാലത്തോടു കൂടിയാണ്. അഥവാ പ്രത്യേക വിഷയങ്ങളിലൊതുങ്ങാതെ എല്ലാ വിഷയങ്ങളിലും അറിവ് സമ്പാദിക്കുക എന്നതായിരുന്നു പൊന്നാനി സിലബസിന്റെ പ്രത്യേകത. ഈ ശൈലിയാണ് കേരളത്തില്‍ പള്ളിദര്സുകള് നടപ്പാക്കുന്നത്. സൈനുദ്ദീന്‍ മഖ്ദൂം(റ) പള്ളിദര്‍സുകള്‍ക്ക് ടെക്സ്റ്റ് ബുക്കുകള്‍ വരെ തയ്യാറാക്കിയിട്ടുണ്ട്. രണ്ടു തട്ടുകളുള്ള പള്ളികളില്‍ മുകള്‍ത്തട്ട് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും മറ്റുമുള്ള സംവിധാനമായത് പൂര്‍വികര്‍ നടപ്പിലാക്കിയ ദര്‍സ് പരിഷ്കരണങ്ങളുടെ ഭാഗമായിരുന്നു.ആത്മസംസ്കരണവും മതസഹിഷ്ണുതയും സാമുദായിക ഉൽബോധനവും സാമൂഹിക സാംസ്കാരിക നവോത്ഥാനവും ലക്ഷ്യമാക്കിയായിരുന്നു പൊന്നാനിയിലെ ദർസ് മുന്നോട്ടു നീങ്ങിയത്. പള്ളിയുടെ മുകൾതട്ട് വിദ്യാർത്ഥികൾക്ക് താമസിക്കാനും താഴെ ഭാഗം പഠനത്തിനുമായിരുന്നു ഒരുക്കിയിരുന്നത്. പൊന്നാനി വലിയ പള്ളിയിലെ വലിയ വിളക്കിന് ചുറ്റും മഖ് ദൂമിനൊപ്പം വിളക്കത്തിരിക്കൽ പഠനം പൂർത്തിയാക്കിയവരാണ് പിന്നീട് മുസ്ലിയാക്കന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. പഠന മികവിന്റെയും പാണ്ഡിത്യത്തിൻ്റെയും അംഗീകാരവും പദവിയുമായിരുന്നു മുസ്ലിയാർ പട്ടം. ഇങ്ങനെ വിളക്കത്തിരുന്ന് കിതാബ് ഓതി വളർന്നു പന്തലിച്ചവരായിരുന്നു കേരളീയ ഇസ്ലാമിക നവോത്ഥാനത്തിന് ചുക്കാൻ പിടിച്ചത്. വിദ്യാർത്ഥികളുടെ ചെലവിനായി ചെലവ് കൂടി സമ്പ്രദായമാണ് ഉണ്ടായിരുന്നത്. അതുവഴി വീട്ടിൽ ചെലവിനെത്തുന്ന മുസ്ലിയാക്കന്മാരിൽ നിന്ന് വീടിൻ്റെ അകത്തിരുന്നു കൊണ്ട് തന്നെ സ്ത്രീകൾക്കും മക്കൾക്കും വിജ്ഞാനത്തിന്റെ മധുങ്ങൾ ശേഖരിക്കാനായി. കിതാബ് ഓതിക്കൊടുത്തും ഇസ്ലാമിക കർമ്മ ശാസ്ത്ര നിയമങ്ങൾ പറഞ്ഞുകൊടുത്തും വീട്ടിൽ ചെലവിന് എത്തുന്ന മുത്തഅല്ലിം വഴി പണ്ഡിതകളാകാനും സ്ത്രീകൾക്ക് സാധിച്ചു എന്നത് മറ്റൊരു സത്യം. അതുവഴി കുടുംബ സംസ്കരണം നടന്നുവന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ. 1800 ൻ്റെ ആദ്യം മുതൽ ബ്രിട്ടീഷ് അധിപത്യം ശക്തി പ്രാപിച്ചതോടെയാണ് പൊന്നാനി ദർസിന് കമാനുഗതമായി മങ്ങലേറ്റതെന്ന് ചരിത്രം പറയുന്നു.
അഹ്ലുസ്സുഫയുടെ പാരമ്പര്യം
അഹ്ലുസ്സുഫയാണ് നമ്മുടെ പാരമ്പര്യത്തിൻ്റെ ഉറവിടങ്ങൾ..ദീനീ വിജ്ഞാനത്തിനായി സർവ്വതും സമർപ്പിച്ചവരായിരുന്നു അവർ...
സ്വുഫ്ഫത്തുകാര്‍ ഇസ്ലാമിന്റെ അതിഥികളാണ്.
നബി (സ്വ) യെ ഏല്‍പ്പിക്കുന്ന സ്വദഖകള്‍ പൂര്‍ണമായും അവര്‍ക്ക് കൊടുത്തയക്കും. നബി(സ്വ)ക്ക് ലഭിക്കുന്ന ഹദ്യകള് നബി(സ്വ)യും അവരും കൂടി പങ്കുവെക്കുകയുമായിരുന്നു അവർ ചെയ്തത്.( ബുഖാരി6457).
ഹിജ്റ കഴിഞ്ഞ് പുണ്യ മദീനയില്‍ എത്തിയ തിരുനബി(സ്വ)യുടെ അനുചരന്മാരെ ആദ്യകാലത്ത് അന്സ്വാറുകളായ മദീനാവാസികള്‍ തങ്ങളുടെ ഭവനങ്ങളില്‍ താമസിപ്പിച്ച് ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും നല്കി സംരക്ഷിച്ച ചരിത്രം പ്രസിദ്ധമാണല്ലോ.. മുഹാജിറുകള്‍ വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്ക് സ്വന്തം ഭവനമോ അഭയസ്ഥലങ്ങളോ ഇല്ലാത്തതിനാല്‍ തിരുനബി(സ്വ) അവരെ പള്ളിയില്‍ താമസിപ്പിക്കുകയും അസ്വ്ഹാബുസ്സുഫ്ഫ എന്ന് നാമകരണം നടത്തുകയും ചെയ്തു(സുനനുല്‍ കുബ്റ: 4510). മസ്ജുദുന്നബവിയ്യുടെ പിന്‍ഭാഗത്ത് (വടക്ക് വശത്ത്) ഈത്തപ്പനയോലയും മറ്റുമുപയോഗിച്ച് ഷെഡ് നിര്‍മ്മിച്ചു. ഈ ഷെഡ് സ്വുഫ്ഫത്ത് എന്ന പേരിലും അവിടുത്തെ അന്തേവാസികള്‍ അസ്വ്ഹാബുസ്സുഫ്ഫ, അഹ്ലു സ്സുഫ്ഫ എന്നീ പേരുകളിലും പ്രസിദ്ധരായി. പുണ്യ മദീനയില്‍ ബന്ധുജനങ്ങളോ പരിചയക്കാരോ ഇല്ലാത്തവരായിരുന്നു അസ്വ്ഹാബുസ്സുഫ്ഫ. മദീനയിലേക്ക് ഹിജ്റ വന്നവര്‍ക്ക് അവിടെ അതിഥികളാകാന്‍ സൗകര്യം ലഭിച്ചില്ലെങ്കില്‍ സ്വുഫ്ഫത്തെന്ന ഷെഡില്‍ താമസിക്കും. വിശുദ്ധ പലായനക്കാര്‍ക്ക് വേണ്ടിയുള്ള പ്രഥമ അഭയാര്‍ത്ഥി ക്യാമ്പ് ഇസ്ലാമിലെ പ്രഥമ പള്ളിദര്‍സ് കൂടിയാണ്. ജോലിത്തിരക്കുകളും ധനസമ്പാദന, തൊഴില്‍ ഏര്‍പ്പാടുകള്‍ ഇല്ലാതാക്കി നിരവധി ആളുകളെ ആസൂത്രിതമായി വിദ്യയുടെ വെളിച്ചത്തേക്ക് തിരിച്ച് വിട്ട് അവരിലെ പ്രതിഭകളെ മതത്തിനും സമുദായത്തിനും ഉപകരിക്കുന്ന മത പണ്ഡിതരായി വളര്‍ത്തിയെടുക്കുക എന്നതാണ് പ്രഥമ പള്ളി ദര്‍സിലൂടെ സാക്ഷാല്‍കരിക്കപ്പെട്ടത്. അഹ്ലുസ്സുഫ്ഫയുടെ ലീഡര്‍കൂടിയായ അബൂഹുറൈറ(റ) പ്രമുഖ പ്രതിഭയായത് ഉത്തമ ഉദാഹരണം.
ഇരുപത്, മുപ്പത്, നാല്പത്, എഴുപത്, എണ്‍പത്, നൂറ്റി എണ്‍പത്, നാനൂറ്, എഴുനൂറ് എന്നിങ്ങനെ അഹ്ലുസ്സുഫ്ഫ വിദ്യാര്‍ത്ഥികളുടെ എണ്ണം വ്യത്യസ്തമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുനബി(സ്വ)യോടൊപ്പം ജമാഅതില്‍ പങ്കെടുത്ത അഹ്ലുസ്സുഫ്ഫയിലെ എഴുപത് പേര്‍ക്ക് ധരിക്കാന്‍ ഒരു വസ്ത്രം വീതമാണുണ്ടായിരുന്നതെന്ന് അബൂഹുറൈറ(റ) സാക്ഷ്യപ്പെടുത്തുന്നത് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. ബിഅ്റ് മഊന വിശുദ്ധ യുദ്ധത്തിനായി തിരുനബി(സ്വ) നിയോഗിച്ച എഴുപത് പേരെ അല്ല അബൂഹുറൈറ(റ) കണ്ടത്. അവര്‍ മറ്റ് എഴുപത് പേരായിരുന്നു. അവരും അഹ്ലുസ്സുഫ്ഫയിലെ അന്തേവാസികള്‍ ആയിരുന്നെങ്കിലും അബൂഹുറൈറ(റ) ഇസ്ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് അവര്‍ രക്തസാക്ഷികളായി (ഫത്ഹുല്‍ബാരി 1538).
ചിലപ്പോള്‍ അവര്‍ എഴുപത് പേരായിരുന്നു. മറ്റ് ചിലപ്പോള്‍ എഴുപത് അല്ല. പുതിയ അന്തേവാസികള്‍ വന്ന് ചേരുന്ന കാരണത്താല്‍ അവരുടെ എണ്ണം വര്‍ദ്ധിക്കും. ചിലര്‍ മരണപ്പെടുക, അല്ലെങ്കില്‍ യാത്ര പോകുക, അതുമല്ലെങ്കില്‍ വിവാഹം കഴിച്ച് ഭാര്യയോടൊപ്പം പോകുക തുടങ്ങിയ കാരണങ്ങളാല്‍ എണ്ണം കുറയുകയും ചെയ്യും (ഉംദതുല്‍ ഖാരി). ഇവരില്‍ നൂറ്റി മുപ്പതിലധികം പേരെ ഹില്യത്തുല് ഔലിയ എന്ന ഗ്രന്ഥത്തില്‍ ഹാഫിള് അബൂ നുഐം(റ) ലഘുവിവരണത്തോട് കൂടെ (1337 മുതല്‍ 239 വരെ) പരിചയപ്പെടുത്തിയിട്ടുണ്ട്.
പഠനത്തിന് പുറമെ നോമ്പനുഷ്ഠിക്കുക, മറ്റ് ആരാധനാകര്‍മങ്ങള്‍ അധികമായി വര്‍ദ്ധിപ്പിക്കുക, വിശുദ്ധ യുദ്ധത്തിന് പുറപ്പെടുക പോലുള്ളവയും അവര്‍ നിര്‍വ്വഹിച്ചിരുന്നു. പകല്‍ സമയത്ത് എപ്പോഴെങ്കിലുമൊക്കെ പുറത്തിറങ്ങി കാരക്കാക്കുരു പെറുക്കിയെടുത്ത് അവ ശേഖരിക്കുമായിരുന്നു. മറ്റൊന്നും ഭക്ഷണമായി ലഭിക്കാത്ത വേളയില്‍ അത് ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു. അബൂഹുറൈറ(റ) അവരുടെ ലീഡറും മേല്നോട്ടക്കാരനുമായിരുന്നു (മിര്‍ഖാത്ത്). ഖുര്‍ആന്‍ പഠിക്കാന്‍ അവര്‍ രാത്രി സമയങ്ങളായിരുന്നു കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്നത്(ഉംദതുല്‍ ഖാരി). കച്ചവടത്തിനോ കൃഷിക്കോ മൃഗങ്ങളെ മേയ്ക്കാനോ അവര്‍ പോയിരുന്നില്ല. മറിച്ച് ഒരു നിസ്കാരം കഴിഞ്ഞാല്‍ അടുത്ത നിസ്കാരം വരെ അവര്‍ പള്ളിയില്‍ തന്നെ കഴിയുമായിരുന്നു(തഫ്സീറുല്‍ ഖാസിന്). അല്ലാഹു അവരുടെ അഞ്ച് വിശേഷണങ്ങള്‍ (ഖുര്‍ആന്‍ 2273) വിശദീകരിക്കുന്നു. ഒന്ന്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടഞ്ഞു വെക്കപ്പെട്ടവര്‍. വിശുദ്ധയുദ്ധം, ആരാധനാ കര്‍മങ്ങള്‍ എന്നിവയിലായി അവരുടെ ആയുസ്സ് വിനിയോഗിക്കുന്നതിനാല്‍ അവര്‍ സ്വന്തത്തെ മറ്റുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും തൊഴിലില്‍ നിന്നും തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ട്: യാത്രക്ക് കഴിയാത്തവര്‍. വിശുദ്ധ ഇസ്ലാമിന്റെ നന്മയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ കച്ചവടാവശ്യാര്‍ത്ഥമോ തൊഴില്‍ ആവശ്യാര്‍ത്ഥമോ യാത്ര ചെയ്യാന്‍ സാധിക്കാത്തവരാണ്. മൂന്ന്: അടുത്തറിയാത്തവര്‍ അവര്‍ സമ്പന്നരാണെന്ന് ധരിക്കും. കഠിന ദാരിദ്ര്യത്തിന്റേയും പട്ടിണിയുടെയും അവസരങ്ങളില്‍ പോലും അവര്‍ ആരോടും ഒന്നും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാത്തതിനാല്‍ അവരെ അടുത്തറിയാത്തവര്‍ അവര്‍ സമ്പന്നരാണെന്ന് ധരിക്കുന്നു. നാല്: അവരുടെ പ്രത്യേക ലക്ഷണങ്ങളില്‍ നിന്നും അവരെ തിരിച്ചറിയാന്‍ സാധിക്കും. അല്ലാഹുവിനോടുള്ള ഭയത്തിന്റേയും ഭക്തിയുടേയും പ്രതിഫലനങ്ങള്‍ അവരുടെ മുഖത്ത് പ്രകടമാകുന്നതാണ് പ്രസ്തുത അടയാളങ്ങള്‍. തന്നിമിത്തം ജന ഹൃദയങ്ങളില്‍ അവര്‍ക്ക് സ്വീകാര്യത ഉണ്ടാവും. ജനങ്ങള്‍ അവരോട് വിനയം കാണിക്കുകയും അവരെ ആദരിക്കുകയും ചെയ്യും. അഞ്ച്: ജനങ്ങളോട് അവര്‍ ഒന്നും ആവശ്യപ്പെടുകയില്ല. മറിച്ച് കഠിന ദാരിദ്ര്യത്തിന്റെ സമയങ്ങളിലും കടുത്ത പട്ടിണിയുടെ സന്ദര്‍ഭങ്ങളിലും അവര്‍ സഹനവും ക്ഷമയും അവലംബിക്കും (തഫ്സീറു റാസി).
വിശപ്പിന്റെ കാഠിന്യവും ശരിക്കും അനുഭവിച്ചവരായിരുന്നു മദീനാ മസ്ജിദിലെ മുതഅല്ലിമീങ്ങള്‍. ഫുളാളത്ത്(റ) പറയുന്നു: തിരുനബി(സ്വ) ഇമാമായി നിസ്കരിക്കുമ്പോള്‍ കൂടെ നിസ്കരിക്കുന്ന മഅ്മൂങ്ങളില് പലരും തളര്‍ന്ന് വീഴുമായിരുന്നു. കഠിന ദാരിദ്ര്യം നിമിത്തം ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്ത അസ്വ്ഹാബുസ്സുഫ്ഫ ആണ് ഇങ്ങനെ തളര്‍ന്ന് വീണത്. പുറത്ത് നിന്ന് ഇത് വീക്ഷിച്ച ഗ്രാമവാസികളായ അറബികള്‍ ഇങ്ങനെ തളര്‍ന്ന് വീണവരെ ഭ്രാന്തന്മാര് എന്ന് വിളിച്ച് ആക്ഷേപിക്കുമായിരുന്നു. നിസ്കാരം പൂര്‍ത്തീകരിച്ച ശേഷം തിരുനബി(സ്വ) തളര്‍ന്ന് വീണവരെ സമീപിച്ച് സമാശ്വസിപ്പിക്കുമായിരുന്നു. അല്ലാഹുവിന്റെ പക്കല്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം നിങ്ങള്‍ മനസ്സിലാക്കിയാല്‍ ഇനിയും ദാരിദ്ര്യം വര്‍ദ്ധിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുക(തിര്‍മുദി2368). അബൂഹുറൈറ(റ) പറഞ്ഞു: അഹ്ലുസ്സുഫ്ഫത്തില്‍ പെട്ട ഞാന്‍ ഉമ്മു സലമ(റ) യുടേയും ആയിശ(റ) യുടേയും വീടിന്റെ പരിസരത്ത് വിശപ്പിന്റെ കാഠിന്യം നിമിത്തം ബോധരഹിതനായി വീണിട്ടുണ്ട്(ഇബ്നു സഅദ്ത്വബഖാതുല് കുബ്റ 1256).
തിരുനബി(സ്വ)യ്ക്ക് നല്കപ്പെടുന്ന ഹദ്യ, തിരുനബി(സ്വ)യെ ഏല്പിക്കുന്ന സ്വദഖ, അഹ്ലുസ്സുഫ്ഫത്തിനായി തയ്യാറാക്കി കൊണ്ട് വരുന്ന ഭക്ഷണം, മദീനത്തെ പള്ളിയുടെ തൂണില്‍ കെട്ടിയിടുന്ന കാരക്ക കുലകള്‍, വീടുകളില്‍ ലളിതമായി ആഹരിച്ച് മിച്ചം വരുത്തുന്ന ഭക്ഷണം എന്നിവയൊക്കെയാണ് അവര്‍ക്ക് ദിവസങ്ങള്‍ കഴിയുമ്പോള്‍ എപ്പോഴെങ്കിലുമൊക്കെയായി ലഭിച്ചിരുന്നത്. അഹ്ലുസ്സുഫ്ഫത്തിന്റെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭക്ഷണത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. ത്വല്‍ഹത്(റ) പറഞ്ഞു: അഹ്ലുസ്സുഫ്ഫയില്പെട്ട എനിക്കും മറ്റൊരാള്‍ക്കും വേണ്ടി ദൈനം ദിനം തിരുനബി(സ്വ) ഒരു പിടി കാരക്ക കൊടുത്തയക്കുമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും അത് തിന്ന് വിശപ്പടക്കും. ഒരു ദിവസം നിസ്കാരം കഴിഞ്ഞ് എഴുന്നേറ്റ തിരുനബി(സ്വ)യെ ഒരാള്‍ പിന്നില്‍ നിന്ന് വിളിച്ചിട്ട് പറഞ്ഞു: തിരുനബിയേ, ഈ ഉണക്ക കാരക്ക ഞങ്ങളുടെ വയര്‍ കരിച്ചിരിക്കുന്നു. ഞങ്ങള്‍ ധരിച്ച പരുക്കന്‍ വസ്ത്രങ്ങള്‍ കീറിയിട്ടുമുണ്ട്. അപ്പോള്‍ തിരുനബി(സ്വ) അഹ്ലുസ്സുഫ്ഫത്തിന്റെ അവസ്ഥ വിശദീകരിച്ച് പ്രസംഗിച്ചിട്ട് അവര്‍ക്ക് കഴിയുന്നത്ര ആശ്വാസങ്ങള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് ത്വല്‍ഹ(റ) പറയുന്നു: എന്നാല്‍ ഞാനും എന്റെ കൂട്ടുകാരനും അറാക്ക് മരത്തിന്റെ കായ അല്ലാതെ മറ്റൊരു ഭക്ഷണവും ലഭിക്കാതെ പത്തില്‍ അധികം ദിവസം കഴിച്ച് കൂട്ടി. (ബൈഹഖിശുഅബുല് ഈമാന്‍. 9842).
വാസിലത്തുബ്നില് അസ്ഖഅ്(റ) പറയുന്നു: ഞാനടക്കമുള്ള അഹ്ലുസ്സുഫ്ഫത്തുകാര് റമളാനില്‍ നോമ്പനുഷ്ഠിക്കുമ്പോള്‍ ഞങ്ങളെ ഓരോരുത്തരെയായി ആരെങ്കിലുമൊക്കെ കൂട്ടിക്കൊണ്ട് പോയി നോമ്പ് തുറപ്പിക്കുമായിരുന്നു. എന്നാല്‍ ഒരു ദിവസം ആരും വന്നില്ല. ആയതിനാല്‍ ഒന്നും കഴിക്കാതെ തന്നെ ഞങ്ങള്‍ രണ്ടാം ദിവസവും നോമ്പനുഷ്ഠിച്ചു. അന്നേദിവസവും ഞങ്ങളെ കൂട്ടിക്കൊണ്ട് പോകാന്‍ ആരും വന്നില്ല. ഞങ്ങള്‍ തിരുനബി(സ്വ) യെ സമീപിച്ച് വിഷയം ധരിപ്പിച്ചു. തിരുനബി(സ്വ) തന്റെ ഭാര്യമാരുടെ അടുക്കല്‍ എന്തെങ്കിലും ഭക്ഷണം ഉണ്ടോ എന്നന്വേഷിച്ച് ആളെ അയച്ചു. അവരുടെ ആരുടെ അടുക്കലും ആഹരിക്കാന്‍ പറ്റിയ ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തിരുനബി(സ്വ) അഹ്ലുസ്സുഫ്ഫത്തിനോട് കൂടി ഇരിക്കാന്‍ ആവശ്യപ്പെട്ടു. അവരേയും കൂട്ടി തിരുനബി(സ്വ) അല്ലാഹുവിനോട് ദുആ ഇരന്നു. അല്ലാഹുവേ, നിന്റെ ഔദാര്യവും കാരുണ്യവും ഞങ്ങള്‍ ആവശ്യപ്പെടുന്നു. അവ രണ്ടും നിന്റെ അധീനതയിലാണ്. നീ അല്ലാത്ത മറ്റാരും അവ കൈവശപ്പെടുത്തിയിട്ടില്ല. ഉടന്‍ ഒരാള്‍ വന്നിട്ട് അകത്തേക്ക് വരാന്‍ അനുമതി ചോദിച്ചു. സമ്മതം നല്കിയപ്പോള് ആഗതന് ഒരു ചുട്ട ആടിനേയും കൂറേയധികം പത്തിരിയുമായിട്ടാണ് വന്നിരിക്കുന്നത്. അത് ഭക്ഷിക്കാന്‍ ഞങ്ങളോട്തിരുനബി(സ്വ) കല്പിച്ചു. ഞങ്ങള്‍ വയര്‍ നിറയെ ഭക്ഷിച്ചു. പിന്നീട് തിരുനബി(സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നാം അവനോട് ചോദിച്ചു. അവന് നമുക്ക് വേണ്ടി കാരുണ്യം കരുതിവെച്ചിട്ടുണ്ടായിരുന്നു (ഹില്യത്തുല് ഔലിയ 221,22).
അല്പം ഭക്ഷണത്തില്‍ ബറകത്തിന് വേണ്ടി ദുആ ഇരന്നിട്ട് അഹ്ലുസ്സുഫ്ഫ പല കൂട്ടങ്ങളായി വന്ന് വയര്‍ നിറയെ ഭക്ഷിച്ചിട്ടും ഭക്ഷണം ആദ്യമുള്ള പോലെ ശേഷിച്ചതും ഒരു ഗ്ലാസ്സിലുണ്ടായിരുന്ന അല്പം പാല് എഴുപതോളം വരുന്ന സുഫ്ഫത്തുകാര് വയര്‍ നിറയെ കുടിച്ചതുമായ നിരവധി സംഭവങ്ങള്‍ അഹ്ലുസ്സുഫ്ഫത്തിന്റെ അനുഭവത്തിലുണ്ട്. ചുരുക്കത്തില്‍ അവരുടെ ഭക്ഷണത്തിന് സ്ഥിര ക്രമീകരണം ഉണ്ടായിരുന്നില്ല. മറിച്ച് അവിചാരിതമായി ആഹരിക്കുകയോ അല്ലെങ്കില്‍ പട്ടിണിയോ ആയിരുന്നു.
കഠിന ദാരിദ്ര്യത്തില്‍ ജീവിച്ച അഹ്ലുസ്സുഫ്ഫത്തിന് വിശുദ്ധ യുദ്ധത്തിന് പുറപ്പെടാനുള്ള ആയുധങ്ങളും മറ്റ് സാമഗ്രികളും അന്‍സ്വാരികളും മറ്റും നല്‍കുകയായിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ത്വാഇഫില്‍ നിന്നും തിരുനബി(സ്വ) മടങ്ങി ആറ് മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരുനബി(സ്വ)യെ സമീപിച്ചു. പിന്നീടാണ് ത്വബൂക്ക് യുദ്ധത്തിന് പുറപ്പെടാന്‍ അല്ലാഹു കല്പിച്ചത്. പ്രതിസന്ധിയുടെ സമയം(സാഅതുല് ഉസ്റത്ത്) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ആ സമയത്തെയാണ്. ചൂട് കഠിനമായ സന്ദര്‍ഭമായിരുന്നു അത്. അസ്ഹാബുസ്സുഫ്ഫത്ത് വര്‍ദ്ധിച്ച പ്രകാരം കപടന്മാരും വര്‍ദ്ധിച്ച കാലമായിരുന്നു അത്. മുസ്ലിംകളോട് യുദ്ധത്തിന് പുറപ്പെടാനുള്ള ആഹ്വാനം ഉണ്ടായാല്‍ അവര്‍ സ്വുഫ്ഫത്തുകാരെ സമീപിച്ച് ഓരോരുത്തരും തന്റെ കഴിവിനനുസരിച്ച് ഒന്നോ അതിലധികമോ ആളുകളെ ഏറ്റെടുക്കും. അവര്‍ക്ക് ആവശ്യമായ ആയുധങ്ങളും ഇതര യുദ്ധ സന്നാഹങ്ങളും ഒരുക്കിക്കൊടുക്കും. അവരോടൊന്നിച്ച് യുദ്ധത്തിന് പുറപ്പെടുകയും ചെയ്യും. (ഇബ്നു അസാകിര്‍ 35:262)
വിശുദ്ധ ഖുര്‍ആന്‍ 39:23, 8:3 തുടങ്ങിയ സൂക്തങ്ങളില്‍ വിശദീകരിച്ച അല്ലാഹുവിനെ ഭയന്ന് കരയുക, ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ വിശ്വാസം വര്‍ദ്ധിക്കുക മുതലായ മുഅ്മിനീങ്ങളുടെ മുഴുവന്‍ വിശേഷ ഗുണങ്ങളും ഒത്തിണങ്ങിയ യഥാര്‍ത്ഥ മുത്തഖീങ്ങള്‍ ആയിരുന്നു തിരുനബി(സ്വ)യുടെ മുതഅല്ലിമീങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ നജ്മ് അധ്യായത്തിലെ ഈ ഖുര്‍ആന്‍ കാരണത്താല്‍ നിങ്ങള്‍ ചിരിക്കുകയോ? നിങ്ങള്‍ കരയാത്തതെന്തേ! എന്ന അര്‍ത്ഥമുള്ള 30ാം സൂക്തം അവതരിച്ചപ്പോള്‍ സുഫ്ഫത്ത്കാരായ മുതഅല്ലിമീങ്ങള്‍ കരയാന്‍ തുടങ്ങി. കണ്ണുനീര് കവിളിലൂടെ ഒഴുകി. അവരുടെ തേങ്ങിക്കരച്ചിലിന്റെ ശബ്ദം കേട്ട തിരുനബി(സ്വ) അവരോടൊപ്പം കരഞ്ഞു. തിരുനബി(സ്വ) കരയുന്നത് കണ്ട ഞങ്ങള്‍ വീണ്ടും കരഞ്ഞു. അപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: അല്ലാഹുവിനെ ഭയന്ന് കരഞ്ഞവര്‍ നരകത്തില്‍ കടക്കുകയില്ല (ബൈഹഖിശുഅബുല് ഈമാന്‍ 777)
അഹ്ലുസ്സുഫ്ഫത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ കൃത്യമായ മാതൃകയാക്കാനുതകുന്നതായിരുന്നു. ഉദാഹരണത്തിന് ഇര്ബാളുബ്നിസാരിയത്ത്(റ) സൈന്യത്തില്‍ പെട്ട രണ്ട് പേരോട് വസ്വിയ്യത് ചെയ്തതിങ്ങനെ. ഞാന്‍ മരണപ്പെട്ടാല്‍ എന്നെ കിടത്താന്‍ പറ്റിയ ഒരു കുഴി കുഴിക്കണം. പിന്നീട് അതിന്റെ ഉള്ളില്‍ ഒരു തുരങ്കം ഉണ്ടാക്കണം. ശുദ്ധജലം കൊണ്ട് എന്റെ മയ്യിത് കുളിപ്പിക്കണം. സുഗന്ധം ലഭ്യമാണെങ്കില്‍ പുരട്ടുക. ഇല്ലെങ്കില്‍ കുഴപ്പമില്ല. ഖിബ്ത്വിയ്യായ മൂന്ന് തുണിയില്‍ എന്നെ കഫന്‍ ചെയ്യുക. തുരങ്കത്തില്‍ മയ്യിത് ഇറക്കി വെച്ച ശേഷം കുഴി മണ്ണിട്ട് മൂടുകയും ചെയ്യുക. കാരണം ഇങ്ങനെ ആയിരുന്നു സുഫ്ഫത്തുകാരെ മറവ് ചെയ്തിരുന്നത്(അല്‍ ആഹാദ് വല്‍ മസാനി 1518).
ദർസിനുപകരം മറ്റൊന്നില്ല
പള്ളിദര്‍സുകളുടെ വേരുകള്‍ തേടിപ്പോകുമ്പോള്‍ ചെന്നെത്തുക മദീനയിലെ മസ്ജിദുന്നബവിയിലാണെന്ന് നാം പറഞ്ഞല്ലോ. അങ്ങനെ വരുമ്പോൾ തന്നെ പ്രഥമദൃഷ്ട്യാ, പള്ളിദർസിനുപകരം നിൽക്കാൻ മറ്റൊന്നിനാവില്ല. അത് ക്യാമ്പസ് വൽക്കരിക്കപ്പെട്ട വിദ്യഭ്യാസം ആണെങ്കിൽ പോലും.
.കാര്യക്ഷമമായ മതപഠനവും ദിശാബോധത്തോടെയുള്ള ഭൗതിക പഠനവും നല്‍കുന്നതോടൊപ്പം ദര്‍സുകളില്‍ ഉസ്താദുമാരുടെ പ്രത്യേക ശ്രദ്ധയും ശിക്ഷണവും ലഭിക്കുന്നതിനാൽ കൂടുതല്‍ ആത്മസംസ്കരണത്തോടെയാണ് ദര്‍സ് വിദ്യാര്‍ഥി വളര്‍ന്നുവരുന്നത്.മതബിരുദം നല്കപ്പെടുന്ന പ്രമുഖ സ്ഥാപനങ്ങളിലെ റാങ്ക് ജേതാക്കളിലധികവും പള്ളിദർസിൽ നിന്ന്
വന്നവരാണ് എന്നത് മതി അതിനു തെളിവ്.
അല്ലെങ്കിലും ശ്രേഷ്ഠമായ മതവിജ്ഞാനം പഠിക്കാനും പഠിപ്പിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലം അല്ലാഹുവിന്റെ ഭവനമായ പള്ളി തന്നെയാണല്ലോ.
പള്ളി താമസത്തിനും ചുറ്റുമുള്ള വീടുകള്‍ ഭക്ഷണത്തിനും ഉപയോഗപ്പെടുത്തുമ്പോള്‍ വിദ്യാര്‍ഥികളുടെ സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഭാരിച്ച ചെലവുകള്‍ കുറഞ്ഞുകിട്ടും. പള്ളിയുടെ ആത്മീയാന്തരീക്ഷം മതപഠനത്തിന് കൂടുതല്‍ അനുയോജ്യമാണ് താനും. ജനസമ്പര്‍ക്കത്തിനും പ്രായോഗിക പരിശീലനത്തിനും ദര്സില് ധാരാളം അവസരങ്ങളുണ്ട്. ദര്‍സ് സുന്നത്ത് ജമാഅത്തിന്റെ ഉരുക്കുകോട്ടയാണ്. പുത്തന്‍ പ്രസ്ഥാനക്കാര്‍ ഈ രൂപത്തിൽ ദർസ് നടത്തുന്നില്ലെന്ന് മാത്രമല്ല ദര്‍സിനേയും അതിന്റെ ആളുകളെയും ലോകം തിരിയാത്തവരായി ചിത്രീകരിക്കുന്നവരും പരിഹസിക്കുന്നവരുമാണ്. പാരമ്പര്യ നടപടി ക്രമങ്ങള്‍ മുറപോലെ നിലനിര്‍ത്താന്‍ ദര്‍സ് മുഖ്യ പങ്ക് വഹിക്കുന്നു. അക്കാരണത്താലാണ് നവീനവാദികൾ ദര്‍സ് സമ്പ്രദായത്തെ നശിപ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. കഥയറിയാതെ ചിലര്‍ അവരുടെ ശൈലി സ്വീകരിച്ച് ദര്സിനെ പരോക്ഷമായി നിരുത്സാഹപ്പെടുത്താറുണ്ട്. ഗാഢവും ആത്മാര്‍ഥവുമായ ഗുരുശിഷ്യ ബന്ധം, ധാര്‍മിക ബോധം, പണ്ഡിതോചിത വേഷവിധാനം, അച്ചടക്കം, പക്വത, ജനസമ്പര്‍ക്കം എന്നിവയെല്ലാം കൂടുതല്‍ ലഭ്യമാക്കുന്നത് ദര്‍സുകളില്‍ നിന്നാണ്. മറ്റൊരു സംവിധാനവും ദര്‍സിന് പകരമാവില്ല.
കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതയും കണിശതയും പള്ളിദര്സുകള് സമ്മാനിച്ചതാണ്. മതപരമായ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നു സ്വീകരിക്കാന്‍ സാധിക്കുന്നു എന്നത് ദര്‍സ് സമ്പ്രദായത്തില്‍ കൂടുതല്‍ പ്രകടവും അനുഭവവുമാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ഈ മതപഠനപാഠന സമ്പ്രദായത്തിന് പള്ളിദര്സുകള് എന്നു സമൂഹം പേരുനല്കി. അവിടെ മതജ്ഞാനങ്ങളുടെ പഠനവും പരിശീലനവും നടക്കും. അതിലുപരി പള്ളിയെന്ന അതിവിശിഷ്ട സ്ഥലത്ത് അതിശ്രേഷ്ഠകരമായ ജ്ഞാനവിതരണമാവുമ്പോള്‍ അതിന് മാറ്റുകൂടുകയാണ്. വിജ്ഞാനത്തിന്റെ മൗലിക സവിശേഷത ലഭിക്കണമെങ്കില്‍ ദര്‍സ് പള്ളിയിലായിരിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. പരിശീലനത്തിന് കൂടുതല്‍ അനുകൂല സാഹചര്യം പള്ളിയിലുണ്ടെന്നതാണ്.
പള്ളിദര്സുകൾ;നവോത്ഥാനത്തിൻ്റെ ഉറവിടങ്ങൾ
മാനവസംസ്കരണത്തിന് വളരെയധികം മേന്മകളുള്ള വിദ്യാഭ്യാസ രീതിയാണ് പള്ളിദര്‍സുകളുടേത്. ഒരു ദര്‍സ് വിദ്യാര്‍ത്ഥി പഠനകാലത്ത് ആര്‍ജിച്ചെടുക്കുന്നത് വിദ്യ മാത്രമല്ല, മുഴുജീവിതം തന്നെയാണ്. ഓരോ നിമിഷവും ഗുരുവിന്റെ നിയന്ത്രണത്തിലായതിനാല്‍ ധാര്‍മികവും സാംസ്കാരികവുമായ ബോധം വിദ്യാര്‍ത്ഥികളില്‍ വലിയ തോതിലുണ്ടായിരിക്കും. വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്വഭാവസംസ്കരണമാണല്ലോ. ദര്സുകള് പള്ളികളില്‍ തന്നെയായതിനാല്‍ പള്ളിയോടുള്ള ബഹുമാനം എപ്പോഴും കാത്തുസൂക്ഷിക്കേണ്ടതിനാല്‍ മികച്ച അച്ചടക്കം ദര്‍സ് വിദ്യാര്‍ത്ഥികളുടെ വിശേഷഗുണമാണ്. കേരളത്തിലെ പള്ളിദര്‍സുകളിലെ അച്ചടക്കവും സൗഹൃദ മനോഭാവവും കണ്ടറിഞ്ഞ ഡോ. ബെല്‍ എന്ന ഇംഗ്ലണ്ടുകാരനായ ഗവേഷകന് മദ്രാസ് സിസ്റ്റം ഓഫ് എജ്യുക്കേഷന്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവെ ചെലവു കുറഞ്ഞതും ഫലപ്രദവുമായ ദര്‍സ് പഠനരീതി അവര്‍ അനുകരിച്ചിരുന്നുവത്രെ.
ദര്‍സ് വിദ്യാര്‍ത്ഥികള്‍ മിക്കപ്പോഴും വീടുകളില്‍ പോയി ഭക്ഷണം കഴിക്കുന്നവരാണെന്നതിനാല്‍ ഓരോ വീട്ടുകാരും പള്ളിയുമായി ബന്ധപ്പെടുന്നു. മുതഅല്ലിമിന്റെ സാന്നിധ്യം വീടിന് ഇസ്ലാമിക അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്യും. മതപരമായ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളോട് നേരിട്ടോ അധ്യാപകന് മുഖേനയോ സംശയങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുന്നു. സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കും ഒഴിവുസമയങ്ങളില്‍ പള്ളിയില്‍ പോയി മതവിജ്ഞാനം നുകരാന്‍ അവസരം ലഭിക്കുന്നു.
വാങ്കു കൊടുക്കല്‍, ഇമാമത്ത് തുടങ്ങിയ ആരാധനാ കാര്യങ്ങളില്‍ നേതൃപരിശീലനവും ദര്‍സിലൂടെ ലഭിക്കുന്നു. ചെറിയ വിദ്യാര്‍ഥികള്‍ക്ക് ദര്‍സ് നടത്താന്‍ ഏല്പിച്ചും വായിച്ചോതിക്കൊടുത്തും വലിയ വിദ്യാര്‍ഥികള്‍ക്ക് ദര്സില് നിന്നു തന്നെ ഭാവിയില്‍ ദര്സു നടത്താനുള്ള പരിശീലനവും സാധ്യമാണ്. മുഈദ് (വായിച്ചോതിക്കൊടുക്കുന്നവന്‍)
എന്ന ഒരു തസ്തിക തന്നെ കർമശാസ്ത്ര ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ.
ദര്‍സിലെ വായിച്ചോതല് രീതിയുടെ ശാസ്ത്രീയത ഒന്നു വേറെത്തന്നെയാണ്. പഠന കാലത്തു തന്നെ വിദ്യാര്‍ത്ഥികളെ അധ്യാപനം പരിശീലിപ്പിക്കാന്‍ ഇത്രയധികം വിജയിച്ച മറ്റൊരു രീതി ഇല്ലതന്നെ.
ആധുനിക വിദ്യഭ്യാസ സമ്പ്രദായങ്ങളെ കടത്തിവെട്ടുന്ന പരിശീലന മുറകളിലൂടെയാണ് ഒരു മുതഅല്ലിം സമൂഹത്തില്‍ ഇറങ്ങുന്നത്. പഠന കാലത്തു തന്നെ തന്നെക്കാള്‍ ചെറിയ കുട്ടികള്‍ക്കു ക്ലാസെടുത്തും സംശയ നിവാരണം നടത്തിയും അവന് ഒരു അധ്യാപകനാകുന്നു. ഇതിലൂടെ പുതിയ മേഖലകളില്‍ കടന്നു ചെല്ലുമ്പോള്‍ നിഷ്പ്രയാസം കാര്യങ്ങളില്‍ ഇടപെടാനും ഗ്രഹിക്കാനും അവന് കഴിയുന്നു. ലക്ഷങ്ങള്‍ മുടക്കി ട്രൈനിംഗ് കോഴ്സും മാനേജ്മെന്റ് കോഴ്സും പൂര്‍ത്തിയാക്കാന്‍ വെമ്പല്‍കൊള്ളുന്ന കാലത്താണ് ദര്‍സ് സമ്പ്രദായം പ്രസക്തമാകുന്നത്.
എന്തു മാറ്റം സംഭവിച്ചാലും പള്ളി ദര്സുകള് ശീലിപ്പിച്ച ഒരു സംസ്കാരത്തിന്റെ വലിയ ഗുണങ്ങളാണ് ഇന്നത്തെ കേരള മുസ്ലിംകള് അനുഭവിക്കുന്നത്.
ഓത്തുപള്ളി മുതല്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള യൂണിവേഴ്സിറ്റികള്‍ വരെ നടത്താന്‍ കേരളത്തിലെ മതനേതൃത്വത്തിന് ഊര്‍ജവും ഉള്‍ക്കരുത്തും ലഭിച്ചത് പള്ളിമൂലകളിലിരുന്നുള്ള കിതാബോത്തുകള് കൊണ്ടുതന്നെയായിരുന്നു. ഖൂര്‍ആനും ഹദീസും കര്‍മശാസ്ത്രവും സാഹിത്യവും വ്യാകരണവും ഗോളശാസ്ത്രവും ഭൂമിശാസ്ത്രവും ചരിത്രവും ആദ്ധ്യാത്മികതയും ഇടകലര്‍ന്നു നില്ക്കുന്ന കിതാബുകളുടെ ലോകത്തു നിന്ന് ആവാഹിച്ച അറിവില്‍ നിന്നുകൊണ്ട് സക്രിയമായി ചിന്തിച്ചും ക്രിയാത്മകമായി പ്രവര്‍ത്തിച്ചും നാം നേടിയതാണീ ചൈതന്യം.
തദ്രീസ് വളര്‍ത്തിയ വലിയൊരു സംസ്കാരമുണ്ട്. ഒരു നാടിന്റെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു ഓരോ പള്ളി ദര്‍സും. ദര്‍സുകളുടെ സാന്നിധ്യത്തോടെ നാട്ടില്‍ സംഭവിച്ച ധാര്‍മികബോധം വളരെ വലുതായിരുന്നു.പള്ളി ദര്‍സിലെ മുദരിസ് ആനാടിന്റെ ആത്മീയ സ്രോതസ്സു കൂടിയായിരുന്നു. അദ്ധേഹത്തെ ചുറ്റിപ്പറ്റി വളര്‍ന്നുവന്ന ദീനീ ചൈതന്യത്തെ മുതഅല്ലിമീങ്ങള്‍ കൂടുതല്‍ സജീവമാക്കി. അറിവിനെ സ്നേഹിക്കുന്നതോടൊപ്പം അവരില്‍ നിന്നും കൂടുതല്‍ അറിവ് പഠിക്കാനും നാട്ടുകാര്‍ക്ക് കഴിഞ്ഞു.
വീട്ടിലെ സ്ത്രീകളെ മതം പഠിപ്പിക്കാന്‍ ദര്‍സിലെ മുതഅല്ലിം നിയോഗിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. ഇതിലൂടെ നാട്ടില്‍ ഇസ്ലാമികമായ വലിയ ഉണര്‍വ്വുണ്ടായി.
വഴിപിഴച്ചു പോകാന്‍ സാഹചര്യങ്ങളെല്ലാം ഒത്തുവന്ന വലിയ തലമുറകളെ പള്ളി ദര്സിലാക്കുന്നതിലൂടെ ഉത്തമ പൗരന്മാരായ ചരിത്രം നമുക്ക് മുന്നില്‍ ധാരാളമുണ്ട്. ദര്‍സുകളുടെ സന്താനങ്ങളാണ് സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവമായി ഇന്നും ഇടപെടുന്നത്. ഖാള്വിമാരായും ഖത്വീബുമാരായും അധ്യാപകരായും സമുദായ നേതാക്കളായും ദാഇമാരായും ത്വരീഖത്തിന്റെ മശാഇഖന്മാരായും സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ദര്‍സിന്റെ സന്തതികളാണ്.
ഒരു സമൂഹത്തെ മുഴുവൻ നേരായ മാർഗ്ഗത്തിൽ എത്തിക്കാനും അവർക്ക് ദിശാബോധം നൽകാനും വിശുദ്ധ ഇസ്ലാമിന്റെ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പണ്ഡിതന്മാരെ വാർത്തെടുക്കുകയാണ് പള്ളിദർസുകളുടെ ലക്ഷ്യം. ദീനീ വിജ്ഞാനങ്ങളുടെ ഇഴ കീറിയുള്ള ചർച്ചകളും ആവർത്തിച്ചോത്തുമെല്ലാം ഹരം പകരുന്ന ദർസീ വിഭവങ്ങളാണ്. കേരളത്തിലെ ഒട്ടുമിക്ക പണ്ഡിതന്മാരെയും വാർത്തെടുത്തത് പള്ളിദർസുകളായിരുന്നു.അഥവാ പള്ളിദർസുകൾ കൊണ്ടാണ് നമുക്കിവിടെ നവോത്ഥാന പ്രക്രിയ നടത്താൻ സാധ്യമായത്. അതുകൊണ്ടുതന്നെ കേരള മുസ്ലിംനവോത്ഥാനത്തിൽ പള്ളിദർസുകളുടെ പങ്ക് നാം ഒരിക്കലും വിസ്മരിച്ചുകൂടാ. സാമൂഹിക പ്രതിബദ്ധതയും രാജ്യസ്നേഹവും ദീനീ ബോധമുള്ള പതിനായിരങ്ങളെ പള്ളിദർസുകളുടെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട് .ആദബും (മര്യാദ) അറിവും ആത്മീയതയും നിറഞ്ഞ ഒരു പാട് നവോത്ഥാന നായകരെ സംഭാവനചെയ്യാൻ പള്ളിദർസുകൾക്ക് സാധിച്ചിട്ടുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ പള്ളിദർസുകളെ ഉത്ഥാനങ്ങളുടെ ഉദ്ഘാടനം എന്ന നമുക്ക് വിശേഷിപ്പിക്കാം. മാത്രമല്ല ,കേരളീയ ഇസ്ലാമിന്റെ നവോത്ഥാനത്തിന് ചുക്കാൻ പിടിച്ചതിൽ മുഖ്യപങ്കും പള്ളിദർസുകൾക്ക് തന്നെയാണ്. പഴഞ്ചൻ എന്ന് മുദ്രകുത്തി പള്ളിദർസുകളെ ആക്ഷേപിച്ചവർ ചരിത്രം ഒരാവർത്തി വായിച്ചു നോക്കുക.
പള്ളിദർസുകൾ സൃഷ്ടിച്ച നവോത്ഥാനം എന്തായിരുന്നുവെന്നും പള്ളി ദർസുകളുടെ മഹത്വവും പവറും എന്തായിരുന്നുവെന്നും അപ്പോൾ ബോധ്യപ്പെടും. എന്നാൽ ,അപാരമായ സർഗ്ഗാത്മക സാധ്യതകൾ ഉണ്ടായിരുന്ന പാരമ്പര്യ വിദ്യാഭ്യാസ സംവിധാനങ്ങൾ മൗലികമായ അടിസ്ഥാനങ്ങളിൽ ഊന്നി നിന്നുകൊണ്ട് കാലോചിതമായി പുന:ക്രമീകരിക്കാത്തതിന്റെ ദുരന്തങ്ങൾ സമകാലിക പരിസ്ഥിതിയിൽ നാം അനുഭവിക്കുകയാണ്. പള്ളികളുടെ ആത്മീയവും വിശുദ്ധവുമായ അന്തരീക്ഷത്തിൽനിന്ന് ക്യാമ്പസിന്റെ ആഡംബര ത്തിലേക്കുള്ള പരിവർത്തനവും മുറബ്ബിയായ ഗുരുവിൽനിന്നും സ്പെഷ്യലൈസ് ചെയ്ത "സാറി"ലേക്കുള്ള മാറ്റവും ഒരു സമൂഹത്തെയാണ് അപകടപ്പെടുത്തുന്നത്. പണ്ഡിത ബിരുദവുമായി പുറത്തു വരുന്നവർക്ക് പഴയ ഉലമഇന്റെ യാതൊരു മൂല്യവും പ്രദർശിപ്പിക്കാതെ തന്നെ ജനസമൂഹത്തിന്റെ ഇടയനാകാമെന്ന വിധി വൈപരീതമാണ് ഇവിടെ സംഭവിച്ചത്. ചരിത്രപരമായ കാരണങ്ങൾ ഈ മാറ്റത്തെ അനിവാര്യമാക്കുന്നുവെന്ന് പറയാമെങ്കിലും കാരണങ്ങൾ മൗലികമായ അടിസ്ഥാനങ്ങളെ തന്നെ വിസ്മരിച്ചു കളയുന്ന രൂപമാറ്റം ന്യായീകരിക്കാവുന്നതല്ല. അത് കൊണ്ട് തന്നെ നവോത്ഥാനങ്ങളുട ഉറവിടങ്ങളായ പള്ളിദർസുകൾ പ്രോത്സാഹിപ്പിക്കപ്പെടണം.
ദര്‍സുകളുടെ പ്രതാപം നിലനിറുത്താനാണ് ശ്രമങ്ങള്‍ നടക്കേണ്ടത്. സ്വദേശി-വിദേശി വേര്‍ത്തിരിവില്ലാതെ കാലോചിതമായ പരിഷ്ക്കരണത്തോടൊപ്പം പഠന നിലവാരമുയര്‍ത്താനാവശ്യമായ പരീക്ഷണങ്ങള്‍ ദര്‍സുകളില്‍ നടപ്പിലാക്കാന്‍ നമുക്ക് കഴിയണം. ബുദ്ധിപരമായി പ്രാപ്ത്തിയുള്ളവരെയും ഇല്ലാത്തവരെയും ഉള്‍ക്കൊള്ളുന്നതോടൊപ്പം അവരെ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് തിരിച്ചുവിടാന്‍ ദര്‍സ് സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ട്.
മുസ്ലിം ഉമ്മത്തിൻ്റെ ഉയർച്ചയുടെ വിശുദ്ധിയുടെ വിശ്വാസത്തിൻ്റെ വിജ്ഞാനത്തിന്റെ ഉച്ചിയിൽ എത്തിച്ച പഴയകാല പള്ളി ദർസുകളുടെയും വിജ്ഞാനകേന്ദ്രങ്ങളുടെയും വിശുദ്ധിയും വിജ്ഞാന നിലവാരത്തിന്റെ മികവിനും അഴകിനും കാര്യമായ ശോഷണം സംഭവിച്ചിട്ടുണ്ടെന്ന് യാഥാർത്ഥ്യത്തെ നാം കണ്ടില്ലെന്ന് നടിച്ചു കൂടാ. പഴയകാല പള്ളി ദർസുകളിൽ നിന്നും അൽഫിയയും ഫത്ഹുൽ മുഈനും പഠിച്ചിറങ്ങുന്ന ഒരു പണ്ഡിതന്റെ ഒരു ശതമാനം പോലും നിലവാരം ഇന്ന് വിരുദ്ധം നേടി ഇറങ്ങുന്ന അധികപേർക്കും ഉണ്ടോ ?
കേരളത്തിലെ കഴിഞ്ഞുപോയവരും ജീവിക്കുന്നവരുമായ സൂഫിവര്യന്മാരും ആത്മീയ യാചര്യന്മാരും പള്ളി ദർസുകളുടെ സംഭാവനകളാണ്. ഭാവിയിൽ പ്രകാശഗോപുരങ്ങളായി വിജ്ഞാനത്തിന്റെ ഉറവിടങ്ങളായി ആത്മീയ സേവകരായി തീരേണ്ടവർ ഇനിയും നമ്മുടെ പള്ളി ദർസുകളിൽ നിന്നും കോളേജുകളിൽ നിന്നും ഉയർന്നു വരേണ്ടതുണ്ട്. അതിനു പണ്ഡിത വിദ്യാർത്ഥികളെയും ബിരുദധാരികളെയും സജ്ജമാക്കുന്ന തരത്തിലുള്ള രീതികൾ സ്വീകരിക്കുകയും സംസ്കാരവും വേഷവിധാനവും അതിനനുസൃതമായി വളർത്തിക്കൊണ്ടു വരികയും ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമായിരിക്കുന്നു.
പാരമ്പര്യം കൈവിടരുത്
അടുത്ത കാലത്തായി പള്ളിദര്സുകളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം കുറഞ്ഞുവരികയാണ്. പള്ളിദര്സുകള് കുറയുമ്പോള്‍ ദീനീ സേവകരുടെ എണ്ണമാണ് കുറയുന്നത്. മാനവികതയുടെ ചക്രവാളത്തിലേക്ക് നയിക്കുന്ന ദര്സുകളെ നിലനിര്‍ത്തേണ്ടത് സാമൂഹ്യബാധ്യതയാണ്.
നമ്മുടെ പൂർവ്വീകർ ദർസുകളെ നെഞ്ചോട് ചേർത്തുവെച്ചവരായിരുന്നു.ഇല്ലായ്മയുടെ നെറുകയില്‍ സ്വന്തം കുടുംബം പോറ്റാന്‍ പാടുപെടുന്ന ഗൃഹനാഥന്മാര് പോലും നാട്ടിലൊരു ദര്‍സും വീട്ടിലൊരു മോല്യേരുട്ടിയും വേണമെന്നു ശഠിച്ചിരുന്നു. അതിനായി അവര്‍ ത്യാഗം വരിച്ചു.
ഇതര സംസ്ഥാനങ്ങളുടെ കണക്കുകൾ നിരത്തി നമ്മുടെ ഉയർച്ച ഉയർത്തിക്കാട്ടാൻ നാം പലപ്പോഴും ശ്രമിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദീനീ പ്രബോധന പ്രവർത്തങ്ങളുടെയും ചാർട്ട് നിരത്തി നമ്മുടെ ആത്മീയ ബോധത്തെ നാം അളക്കുന്നു. മദ്റസയിൽ പോകുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ മുന്നിൽ നിർത്തി സമൂഹത്തിന്റെ മതസ്വീകരണത്തിന് വേറെ തെളിവുകൾ നിരത്താതെ നാം ചമ്രം പടിഞ്ഞിരുന്ന് അഭിമാനപുളകിതരാകുന്നു. വാസ്തവത്തിൽ ഉപരിപ്ലവങ്ങളായ പ്രവർത്തനങ്ങൾ മുഴുവനും മതകീയ അക്കൗണ്ടിൽ ചേർത്തി സായൂജ്യമടയുകയല്ലേ നാം ചെയ്തുകൊണ്ടിരിക്കുന്നത്..?
പാരമ്പര്യത്തെ യാന്ത്രികമായി പിന്തുടരുന്നുവെന്നതിലപ്പുറം നാം കാണുന്ന ഈ പ്രകടനങ്ങൾക്ക് ആന്തരിക സൗന്ദര്യവും ആത്മാവുമുണ്ടോ..? അവയുടെ അകക്കാമ്പൊന്ന് ചികഞ്ഞു നോക്കാൻ ഈ നെട്ടോട്ടത്തിനിടെയിൽ ആരെങ്കിലും ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടോ..? ഒലിവെള്ളത്തിലെ പൊങ്ങുതടികൾ കണക്കെയുള്ള ഈ പ്രയാണം എന്തുകൊണ്ട് നമ്മെ ഒരിക്കലെങ്കിലും വ്യാകുലപ്പെടുത്തുന്നില്ല..?
ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ...
ദര്‍സുകളുടെ ശോചനീയാവസ്ഥക്ക് കാരണമായ കാര്യങ്ങളെല്ലാം അന്വേഷിച്ച് പരിഹാരം കാണാന്‍ ശ്രമങ്ങള്‍ നടക്കണം. നാട്ടിലെ പൗരപ്രമുഖരും പണ്ഡിതരുമാണ് അതിന് മുന്‍കൈ എടുക്കേണ്ട്ത്.ഇത്തരുണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യ നേതൃത്വം അംഗീകരിക്കുന്ന ദര്‍സ്, അറബിക്കോളേജുകളില്‍ സേവനം ചെയ്യുന്ന മുദരിസീങ്ങളുടെ കൂട്ടായ്മയാണ് ജംഇയ്യത്തുല്‍ മുദരിസീന്‍. സംഘടിച്ചു ശക്തരാകുന്നതോടൊപ്പം പരസ്പര ആശയ വിനിമയത്തിലൂടെ അറിവിന്റെ വിശാലമായ ലോകത്തേക്കുള്ള കവാടം കൂടിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍. കാലികമായ വിഷയങ്ങളെ ഏറ്റെടുക്കുന്നതോടൊപ്പം സമൂഹത്തിന്റെ പുരോയാന യത്നങ്ങളില്‍ തങ്ങളുടേതായ സംഭാവനകളര്‍പ്പിക്കാന്‍ സംഘത്തിലെ ഓരോ അംഗവും ബാധ്യസ്ഥരാണ്.
അറിവും അനുഭൂതിയും കൊണ്ട് ഒരു ജനസമൂഹത്തെ അനുഗ്രഹിച്ച് കടന്നുപോയ കാലത്തിന്റെ ബാലന്‍സ് ഷീറ്റാണ് പള്ളിദര്സുകള്. വൈജ്ഞാനിക കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അവരുടെ സ്ഥാനം ആഴത്തില്‍ അടയാളപ്പെട്ട് കിടക്കുന്നു. ശക്തമായ അധ്വാനവും അവിരസമായ ആവര്‍ത്തനവും മടുപ്പില്ലാത്ത മുത്വാലഅയും വഴി അറിവിന്റെ അനര്‍ഘ മുത്തുകള്‍ അകതാരിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു അവര്‍.
അവിടെ സിലബസുകളുടെ ശാഠ്യങ്ങളില്ല. പോഷന്‍ തീര്‍ക്കാനുള്ള വെപ്രാളങ്ങളുമില്ല. കൂട്ടിയും കിഴിച്ചും സന്ദേഹങ്ങളുടെ നൂലാമാലകളഴിച്ച് ശ്രദ്ധയോടെ പഠിച്ചെടുക്കുന്നു. പഠിച്ച പാഠങ്ങളുടെ പരിശീലനത്തിന് ആരെയും കാത്തിരിക്കേണ്ടതില്ല. ആഹാരം കഴിക്കാന്‍ പോകുന്ന ഇടവഴികളിലും വസ്ത്രം അലക്കാന്‍ പോകുന്ന കുളിക്കടവുകളിലും വരികള്‍ക്കിടയിലെ വായനകളുടെ വിശാല ചര്‍ച്ചകള്‍ കടന്നുവരും. ആരും തോല്‍ക്കാനില്ലാത്ത ആ സംവാദങ്ങളില്‍ നിന്ന് പുതിയ വെളിപാട് പോലെ അറിവുകള്‍ അവരിലേക്ക് ഇറങ്ങിവരും.അവരിൽ നിന്നാണ് നമുക്ക് ഖുതുബി തങ്ങളെയും കണ്ണിയത്ത് ഉസ്താദിനെയും ശംസുൽ ഉലമയെയും സൈനുൽ ഉലമയെയും ജിഫ്രി തങ്ങളെയും ഒക്കെ ലഭിച്ചത് .അത് കൊണ്ട് നമ്മൾ നമ്മുടെ പൂർവിക പാതയിലേക്ക് തിരിച്ചു പോകണം .ദർസ് നിലച്ചു പോയ മഹല്ലതുകൾ വീണ്ടും പുനരാരംഭിക്കണം .സൗകര്യമുള്ള മഹല്ലുകൾ പുതുതായി ദര്സിനു ആരംഭം കുറിക്കണം .ഇനിയും വേണം നമുക്ക് കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും ...നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ