MLF; ഒരു വിമർശന കുറിപ്പ്
🖊 അഹ്മദ് സുഹൈൽ വാഫി
🖊 അഹ്മദ് സുഹൈൽ വാഫി
മുസ്ലിമിന് മതകീയ ജീവിതമെന്ന പോലെ രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതങ്ങളുണ്ടെന്നും അവ ഓരോന്നും വെവ്വേറെ തന്നെ കൈകാര്യം ചെയ്യണമെന്നും, നിലവിൽ സാംസ്കാരിക ജീവിതത്തെ പ്രതിനിധീകരിക്കാൻ ഇവിടെ ആളില്ലാതെ പോയ വിടവ് ഞങ്ങൾ നികത്തിയതാണ് MLF എന്നുമാണ് ഹുദവി സഹോദരൻമാരുടെ തിയറി. തങ്ങളുടെ അബദ്ധത്തെ ന്യായീകരിക്കാൻ ഹുദവി സഹോദരന്മാർ കൊണ്ടുവരുന്ന പ്രമൈസ് തന്നെ എത്രമാത്രം പ്രോബ്ലമാറ്റിക്ക് ആണ്.
മുഖ്യധാരാ നരേറ്റീവുകളുടെ മതിലുകൾ ഞങ്ങളിതാ പൊളിച്ചു കളഞ്ഞേ എന്ന് വീരവാദം മുഴക്കുന്നവർ തന്നെയാണ് പാശ്ചാത്യ ആധുനിക യുക്തിയിൽ അധിഷ്ടിതമായ മതത്തെ കുറിച്ചും ഇസ്ലാമിക ജീവിതത്തെ കുറിച്ചുമുള്ള ധാരണകൾ വീണ്ടും ഏറ്റുപിടിക്കുന്നത്.
ഈ പരിപാടിയുടെ ഉള്ളടക്കവും സദാചാരവീക്ഷണവുമായി ബന്ധപ്പെട്ട് സമുദായത്തിൽ ഉയർന്ന് വന്ന വിമർശനങ്ങളോടുള്ള ഹുദവികളുടെ പ്രതികരണങ്ങളിൽ പറയുന്നത് ഇതൊരു സാസ്കാരിക പരിപാടിയായതുകൊണ്ട് മതപരമായ ആശങ്കകൾ മാറ്റി നിർത്തിയിട്ടാണ് അതിന്റെ സാധ്യതയെ വിലയിരുത്തേണ്ടത് എന്നാണ്. ഈ രൂപത്തിൽ Religion/culture എന്നീ വ്യവഹാരങ്ങൾക്ക് വെവ്വേറെ കൃത്യമായ അതിർത്തിയും വരമ്പും നിർണ്ണയിക്കപ്പെടുന്നത് അധുനികതയുടെ സവിശേഷ മൊമന്റിലാണെന്ന് മുസ്ലിം സാമൂഹിക ചിന്തകൻമാരുടെ ശ്രദ്ധേയമായ പഠനങ്ങൾ പുറത്തുവന്നിട്ട് പതിറ്റാണ്ടുകളായിട്ടും ഹുദവികളുടെ കാഴ്ച്ചപ്പാടുകൾ ഇപ്പോഴും ഒരു മാറ്റവുമില്ലാതെ നിന്നിടത്ത് തന്നെ കിടന്ന് കറങ്ങുകയാണ് എന്നാണ് കൗതുകം.
Culture/സാംസ്കാരികം എന്ന സങ്കേതത്തിന് നിലവിൽ ഉപയാഗത്തിലിരിക്കുന്ന അർത്ഥവും മാനവും ഉരുത്തിരിയുന്നത് ഒരു സവിശേഷ ചരിത്ര ഘട്ടത്തിലാണ്. കൃത്യമായി പറഞ്ഞാൽ മതത്തെയും ദൈവത്തെയും അതിന്റെ വിപരീതസ്ഥാനത്ത് സങ്കല്പിച്ചു കൊണ്ടാണ് ഈ പദത്തിന് നിലവിലുള്ള അർത്ഥവും ഉപയോഗവും കൈവന്നിട്ടുള്ളത്. Religion/culture എന്ന ദ്വന്ദ്വം ഉപജീവിക്കുന്നത് മതത്തോടും ദൈവിക ചിന്തയോടുമുളള നിരാകരണക്കിലാണ്. MLF മായി ബന്ധപ്പെട്ട് ഹുദവി പക്ഷത്ത് നിന്ന് വന്ന മുഴുവൻ ന്യായീകരണങ്ങളിലും അവർ മുന്നോട്ട് വെക്കുന്ന യുക്തിയാണല്ലോ ഈ മതപരം/ സാംസ്കാരികം എന്ന വിഭജനം. അതുകൊണ്ട് അൽപം അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം എന്ന് കരുതുന്നു.
യൂറോപ്പിലെ സവിശേഷമായ ക്രിസ്ത്യൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ മതത്തെ പൊതുമണ്ഡലത്തിൽ നിന്ന് വേറിട്ട ഇടത്തിലേക്ക് ചുരുക്കിക്കൊണ്ട് autonomous ആയതും സ്വതന്ത്രവുമായ ഒരു പൊതുമണ്ഡലം രൂപപ്പെട്ടുവന്നു. ഈ പ്രക്രിയയെ തലാൽ അസദിനെ പോലുള്ള നരവംശശാസ്ത്രജ്ഞർ secularisation എന്ന് വിളിക്കുന്നുണ്ട്. അതുവഴി മതത്തെ കൃത്യമായ അതിരുകൾക്കകത്ത് പ്രതിഷ്ഠിച്ച് വേറിട്ട ഒരു സെക്കുലർ പൊതുമണ്ഡലം രൂപാന്തരപ്പെട്ടുവന്നു. തിയോളജിക്കൽ ആയ എല്ലാ agency കളെയും നിരസിക്കുന്നതിലാണ് ഈ പൊതുമണ്ഡലത്തിന്റെ അടിത്തറ കിടക്കുന്നത്. നിങ്ങൾക്കവിടെ മാപ്പിളപ്പാട്ടിനെ കുറിച്ചും ഒപ്പനയെ കുറിച്ചും പറയാം, പക്ഷേ മതത്തെ അടുപ്പിക്കരുത് എന്ന യുക്തിയിലാണ് ഈ പൊതുമണ്ഡലം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. ഇസ്ലാം കേവലം ഒരു ഫോക്ക് കൾച്ചർ (folk Islam) മാത്രമായിട്ടേ അതിൽ കടന്ന് വരാവൂ. അത് വെച്ച് കൊണ്ട് നിങ്ങൾക്ക് സാംസ്കാരിക വിലപേശൽ നടത്താനുള്ള അവസരമുണ്ട്. മറിച്ച് ഇസ്ലാം മുന്നോട്ട് വെക്കുന്ന ധാർമ്മിക പദ്ധതിയെ കുറിച്ചോ ഒരു മുസ്ലിമിന്റെ വിശ്വാസ മണ്ഡലങ്ങളെ കുറിച്ചോ സത്യസന്ധമായി സംസാരിച്ച് കൂടാ.
ഇതുപോലെ എന്തൊക്കെ പറയാം/ പറഞ്ഞുകൂടാ തുടങ്ങിയ കൃത്യമായ അലിഖിത നിയമങ്ങൾ സ്ഥാപിച്ചു കൊണ്ടാണ് ഈ സാസ്കാരിക/മതേതര പൊതുമണ്ഡലം നിലകൊള്ളുന്നത്. പ്രത്യക്ഷത്തിൽ വളരെ ന്യൂട്രൽ ആയിട്ടും ആകർഷണീയമായിട്ടും തോന്നിപ്പിക്കുന്ന ഈ "സാസ്കാരിക പൊതുമണ്ഡലം" പക്ഷെ വിശ്വാസികളുടെ മേൽ അധിനിവേശവും അതിന്റെ അധീശത്വവും ഉറപ്പിക്കുന്നു. ഈ പൊതുമണ്ഡലത്തിൽ അന്തർലീനമായ കർക്കശമായ മതേതര നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ഒരു വിശ്വാസിയെയും ആ പൊതുമണ്ഡലം ഉൾക്കൊള്ളില്ല. നമ്മൾ ഈ പൊതുമണ്ഡലത്തിൽ പ്രവേശിക്കുന്നതോടെ തന്നെ നമ്മുടെ യഥാർത്ഥ അസ്തിത്വവും നമുക്ക് സത്യസന്ധമായി പറയാനുള്ളതും നമ്മുടെ മൂല്യങ്ങളുമെല്ലാം അവിടത്തെ നിയമങ്ങൾക്കനുസരിച്ച് പുനക്രമീകരിക്കുന്നു. ഇസ്ലാമിനെ അതിന്റെ എല്ലാ ആന്തരിക ശേഷികളും ആത്മീയ മാനങ്ങളും ഇല്ലാതാക്കി കേവലം ഒരു folklore Islam അയി രൂപാന്തരപ്പെടുത്തുന്നു.
നിങ്ങൾ അല്ലാഹുവിന്റെ ദീനിന്റെ പ്രതിനിനിധികളായോ അല്ലെങ്കിൽ ഇസ്ലാമിന്റെ പ്രതിനിധാനമോ അല്ല ഈ പൊതുമണ്ഡലത്തിൽ നിർവഹിക്കുന്നത് എന്നതാണ് നിങ്ങൾ കൊട്ടിയാഘോഷിക്കുന്ന ഈ പ്രതിനിധാന രാഷ്ട്രീയത്തിന്റെ പ്രത്യേകത. മതസമൂഹത്തിന്റെ കൃത്യമായ secularisation ആണ് നിങ്ങൾ അറിയാതെ തന്നെ അതുവഴി സംഭവിക്കുന്നത്. മതപരമായ ആശങ്കകളെ മുന്നിൽ വെച്ച് വിമർശിക്കുമ്പോൾ, MLF ന്റെ ഉദ്ദേശ്യവും ലക്ഷ്യവും മതമല്ല, മറിച്ച് സാസ്കാരിക മുന്നേറ്റമാണ് എന്ന് അവർത്തിച്ച് പറയുന്ന ഓരോ ഹുദവിയും താനറിയാതെ ആധുനികതയുടെ ചിന്താപദ്ധതിയോടും അത് ഉത്പാദിച്ച സെക്കുലർ അധീശത്വത്തോടും സന്ധിചെയ്തു കഴിഞ്ഞു. മുസ്ലിം സമുദായത്തിൽ ക്ലച്ച് പിടിക്കാത്ത secularisation പ്രക്രിയക്ക് MLF എന്ന പേരിലെ ഈ പരിപാടി വഴി വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. ഇത് ദീനിനും ഈ ഉമ്മത്തിലെ പുതിയ തലമുറക്കും വരുത്താവുന്ന പരിക്കുകൾ കണക്കാക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്.
നിങ്ങളുടെ ഉദ്ദേശ ശുദ്ധിയെ ഒന്നും ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല. MLF ഇലൂടെ യഥാർത്ഥത്തിൽ നിങ്ങൾ ഈ സമുദായത്തിന്റെ സുരക്ഷിത കവചങ്ങളെ സ്വയം പൊളിച്ചു കൊടുക്കുകയാണുണ്ടായത്. സമുദായത്തെ കൂടുതൽ അരക്ഷിതബോധത്തിലേക്കും അപകർഷതാബോധത്തിനും വിട്ടുകൊടുക്കുകയാണ് ചെയ്തത്. നിങ്ങളിലൊരാളും സമുദായത്തിന് എന്തെങ്കിലും ദോഷം ഉദ്ദേശിച്ചുകാണും എന്നൊന്നും കരുതിയിട്ടല്ല ഇത്രയും പറഞ്ഞുവെച്ചത്. പക്ഷേ ദയവ് ചെയ്ത് ഇതിനെ ഒരു വിപ്ലവമായോ നേട്ടമായോ അവതരിപ്പിക്കരുത്. ഒരുപക്ഷേ മതത്തിന് പുറത്ത് നിൽക്കുന്ന മറ്റു മതേതര സമുദായങ്ങൾക്ക് ഈ കളരിപ്പയറ്റിൽ ഒന്നും നഷ്ട്ടപ്പെടാനില്ല. കൂടാതെ അവരുടെ അസ്തിത്വം തന്നെ ഈ secular ഡയലക്റ്റിക്സിലൂടെയാണ് വികസിക്കുന്നത്. മറിച്ച് മുസ്ലിംകൾക്ക് വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും എല്ലാം മാർഗ്ഗനിർദ്ദേശം നൽകപ്പെട്ട സമൂഹമാണ്. ആ പാതയിലാണ് ഈ ഉമ്മത്തിനെ നിലനിർത്താനും ചലിപ്പിക്കാനും നാം പണിയെടുക്കേണ്ടത്. MLF തീർത്തും ആത്മഹത്യാപരമായ കാൽവെപ്പായി പോയി എന്ന് പറയാതെ വയ്യ.
കേരളത്തിൽ മാത്രമല്ല മുസ്ലിം ലോകത്ത് തന്നെ ഇതിന് യാതൊരു മാതൃകയുമില്ല. മുഖ്യധാരയുടെ വാലിഡേഷൻ ഇങ്ങനെ യാചിച്ച് മേടിക്കേണ്ട അപകർഷതാ ബോധത്തിലേക്ക് ജമാഅത്ത്കാരും അവർക്ക് പിന്നാലെ വൈകിയോടുന്ന ബസ്സായി കുറച്ച് ഹുദവികളും എത്തിയിട്ടുണ്ടെങ്കിലും മൊത്തം ഉമ്മത്ത് അത്തരമൊരു അന്തസ്സിലായ്മയിലേക്ക് നിലവിൽ അധപ്പതിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു സമുദായത്തിന്റെ ഈ പരിപാടിയോടുള്ള പ്രതികരണം. അനിസ്ലാമികമായ പൊതുമണ്ഡലത്തിന്റെ validation seeking എന്തൊരു അഭംഗിയും വൈരുദ്ധ്യവുമാണ്. അല്ലാഹു കാക്കട്ടെ!