ദർസുകളും - അറബിക് കോളേജുകളും;
ദ്വന്ദ വിഘടന ന്യായങ്ങളും
🖊 മിദ്ലാജ് കാളികാവ്
ദർസുകളും - അറബിക് കോളേജുകളും;
ദ്വന്ദ വിഘടന ന്യായങ്ങളും
🖊 മിദ്ലാജ് കാളികാവ്
ആധുനിക കാലക്രമത്തിന്റെ മത വിദ്യാഭ്യാസ രംഗത്തെ അവർണ്ണനീയ സാന്നിധ്യങ്ങളാണ് ദർസുകളും അറബിക് കോളേജുകളും. ഉമ്മത്തിന്റെ മതബോധന ദൗത്യങ്ങളെ ക്രിയാത്മകമായി നിർവഹിക്കുന്നതോടൊപ്പം തന്നെ കാലാനുസൃതമായിട്ടുള്ള സാമുദായിക സഞ്ചാരത്തിനിക്കുള്ള നൗകകൂടി സാധ്യമാക്കുകയാണ് ഈ രംഗങ്ങൾ. മത വിദ്യാഭ്യാസ രംഗത്ത് ശോഭിക്കുന്നതോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസ രംഗത്തും സജീവമായ ഇടപെടലുകൾ സാധ്യമാക്കാനുതകുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളും ചട്ടങ്ങളുമാണ് വർത്തമാന അന്തരീക്ഷത്തിലെ ദർസുകളും അറബിക് കോളേജുകളും സ്വീകരിച്ചിട്ടുള്ളത്. പാവനമായ ദീനിനെ പോറലേൽക്കാതെ സംരക്ഷിച്ച് കാലാന്തരങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പകരുന്ന തുറപ്പ് ചീട്ടു കൂടിയാണ് ഈ സമ്പ്രദായങ്ങൾ. ഉമ്മത്തിന്റെ ധൈഷണികമായ ചലനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വർത്തമാന പണ്ഡിത വിദ്യാർത്ഥികളെല്ലാം ദർസുകളിൽ നിന്നും അറബിക് കോളേജുകളിൽ നിന്നും പഠനം പൂർത്തീകരിച്ചവരാണ് താനും. കാലക്രമത്തിനനുസരിച്ച് അവരെ പാകപ്പെടുത്തുന്നതിൽ അനിർവചനീയമായ പങ്ക് വഹിച്ചത് ഇത്തരം സ്ഥാപനങ്ങൾ തന്നെയാണ്.
പള്ളി കേന്ദ്രീകരിച്ചുള്ള ദർസ് സമ്പ്രദായങ്ങളും അറബിക് കോളേജ് വിദ്യാഭ്യാസ രീതിയുമെല്ലാം തയച്ചു വളരുന്ന നയന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്. മതബോധമുള്ള എന്നാൽ ഭൗതികജ്ഞാനം വശമുള്ള പണ്ഡിത വിദ്യാർത്ഥികളെ സൃഷ്ടിച്ചെടുക്കലാണ് ഇത്തരം ശ്രമങ്ങളുടെ താല്പര്യം. തഫ്സീറും ഹദീസും മഹല്ലിയും ഓതി പഠിക്കുന്നതോടൊപ്പം തന്നെ ഫിസിക്സിലും കെമിസ്ട്രിയിലും ബയോളജിയിലും കമ്പ്യൂട്ടർ ടെക്നോളജിയിലുമെല്ലാം അവഗാഹം പുലർത്തുന്ന പണ്ഡിത വിദ്യാർത്ഥികളെ സമൂഹ സമക്ഷം സമർപ്പിക്കുന്ന ന്യൂതനമായ ഈ വിദ്യാഭ്യാസ രീതിയെ ഹൃദയംഗമമായ ഭാഷയിൽ സമുദായം ചേർത്തുവച്ചു എന്ന് തന്നെ പറയാം. പാരമ്പര്യം പേറുന്ന ദർസീ സമ്പ്രദായങ്ങളെ കാലം തേടുന്ന പുതുമയോടെ നിലനിർത്താനും അവതരിപ്പിക്കാനും ഈ ശ്രമങ്ങൾക്ക് സാധിച്ചു. ഭൗതികം തിരിയാത്തവനാണ് മോല്യാരുട്ടി എന്ന പൊതു ആംഗിളിൽ നിന്നും സമുഹത്തെ മാറ്റി ചിന്തിപ്പിക്കുമാർ രൂപത്തിൽ വ്യക്തമായ പരിവർത്തനങ്ങളും കൃത്യമായ ഇടപെടലുകളും അതിലേറെ സുന്ദരമായ വളർച്ചയും ഈ രംഗത്തുണ്ടായി. ഒന്നുകൂടി വ്യക്തമാക്കുകയാണെങ്കിൽ പാരമ്പര്യം പേറുന്ന ദർസീ സമ്പ്രദായങ്ങൾ ഇന്നും നിലനിൽക്കുന്നതിന്റെ പ്രധാന ജാലക ശക്തി ഈ പരിവർത്തനങ്ങളാണെന്ന് പറയാം.
പള്ളിയുടെ അകത്തളങ്ങളിലിരുന്ന് ജംഉൽ ജവാമിഇന്റെ കെട്ടുപിണഞ്ഞ ഇബാറത്തുകളെ കെട്ടയിച്ച പണ്ഡിത വിദ്യാർത്ഥികൾ തന്നെ ആസ്ട്രോ ലാബുകളിലെ സൂക്ഷ്മ പരിശോധനക്കുള്ള ക്വാളിറ്റിയും നേടിയെടുക്കുന്ന ആകർഷണീയമായ വിദ്യാഭ്യാസ പദ്ധതിയായി ദർസ്,അറബിക് കോളേജ് രംഗങ്ങൾ മാറി. കാലം ഉതിർത്തു വെക്കുന്ന വെല്ലുവിളികളെ മതബോധത്തോടെ നേരിടാൻ കരുത്തുള്ള ഭൗതികം തിരിയുന്ന പണ്ഡിത വിദ്യാർത്ഥികൾ ഇന്നീ സമുദായത്തിന്റെ ഊർജവും പ്രതീക്ഷയുമാണ്.
വസ്തുതകൾ ഇങ്ങനെയെങ്കിലും പൊതുസമൂഹത്തിൽ ചില മൗഢ്യ ധാരണകൾ രൂപപ്പെട്ടിട്ടുണ്ട് എന്നത് പറയാതിരിക്കാനാവില്ല. പള്ളി കേന്ദ്രീകൃത ദർസുകൾ മത വിദ്യാഭ്യാസ പാഠശാലകളായും അറബിക് കോളേജ് സമ്പ്രദായങ്ങൾ ഭൗതിക വിദ്യാഭ്യാസം കേന്ദ്രങ്ങളുമായിട്ടാണ് പൊതു വിലയിരുത്തൽ. മതവിദ്യാഭ്യാസത്തിന് മാത്രം പ്രാധാന്യം നൽകിയിട്ടായിരുന്നു ദർസുകളുടെ സഞ്ചാരമെങ്കിൽ ഭൗതിക വിദ്യാഭ്യാസത്തെ കൂടി സമന്വയിച്ചതായിരുന്നു അറബിക് കോളേജുകളുടെ സിസ്റ്റം. പാരമ്പര്യത്തിന് വിരുദ്ധമായി ഭൗതികവിദ്യയെ ചേർത്തുപിടിച്ചതുകൊണ്ട് പൊതു സമൂഹത്തിൽ അത്തരം കാഴ്ചപ്പാട് രൂപപ്പെട്ടുവെന്നതും തിരസ്കരിക്കാനാവില്ല.അതായത് പരസ്പര വിരുദ്ധമായ ദ്വന്ദ സമീപനത്തിലാണ് ഇരു ദ്രുവങ്ങളുടെയും പിറവി എന്ന് വ്യക്തം. പള്ളിയുടെ അകത്തളങ്ങളിൽ ഒരു മുദരിസിനെ കേന്ദ്രീകരിച്ച് കിതാബോത്തിൽ മധുരം നുണഞ്ഞ, ഇതര ലക്ഷ്യങ്ങളെല്ലാം വെടിഞ്ഞ് പള്ളിയിലെ പായയിലിരുന്ന് ഉച്ചത്തിൽ കിതാബോതുന്നതായിരുന്നു പാരമ്പര്യ ദർസീ രീതി. എന്നാൽ ഇതിൽ നിന്നും വ്യതിരിക്തമായി പള്ളി മാറിയിട്ട് ഇതര കെട്ടിടത്തിലേക്കും ഒരു മുദരിസിൽ നിന്നും ഒരുപാട് മുദരിസുമാരിലേക്കും പായയിൽ നിന്നും ബെഞ്ചിലേക്കുമുള്ള പരിവർത്തനങ്ങൾ അറബിക് കോളേജുകളിൽ രൂപപ്പെട്ടു. അതായത് അന്നോളം സമൂഹം ഭൗതികമായിട്ടുള്ള സ്കൂൾ കെട്ടിടങ്ങളിൽ മാത്രം കണ്ടുവന്നിട്ടുള്ള ശീലം അറബിക് കോളേജുകളിലും വന്നുതുടങ്ങിയപ്പോൾ അറബിക് കോളേജുകളും പൊതു സമൂഹത്തിൻ്റെ കാഴ്ചപ്പാടിൽ ഭൗതിക കേന്ദ്രങ്ങളായി മാറി എന്നതാണ് മറ്റൊരു ന്യായം.പുതിയകാലത്തെ ദർസ് പഠനങ്ങൾ യു.ജിയും പി.ജിയും അടങ്ങുന്ന ഭൗതിക വിദ്യാഭ്യാസത്തെയും സമന്വയിപ്പിക്കുന്നതാണെന്ന വസ്തുതയും ആർക്കും നിഷേധിക്കാനാവില്ല.
സാമൂഹിക ജീവിയായ മനുഷ്യരുടെ കാഴ്ചപ്പാടിൽ ദർസ്,അറബിക് കോളേജുകളെ മത - ഭൗതിക കാറ്റഗറികളായി ചിത്രീകരിക്കുന്നതിൽ വ്യത്യസ്തങ്ങളായ പല കാരണങ്ങളും അതിനെ ഉപോൽബലകപ്പെടുത്തുന്നതായ ചിത്രങ്ങളും ഉണ്ടാവാം. കോളേജ് സമ്പ്രദായത്തിൽ തുടക്കം കുറിച്ച സിലബസ് സിസ്റ്റവും പീരിയഡ് ഷെഡ്യൂളും പരീക്ഷകളും വിജയ - പരാജയങ്ങളുമെല്ലാം ആ കാരണങ്ങളുടെ നീണ്ട ലിസ്റ്റിൽ ഉൾപ്പെട്ടേക്കാം. എങ്കിലും അഹ്ലുസ്സുഫയിലൂടെ തുടക്കം കുറിച്ച ദർസി സമ്പ്രദായത്തെ സംരക്ഷിക്കാനും നിലനിർത്താനും പുതുമയോടെ അവതരിപ്പിക്കാനും ഈ സമുദായത്തിന് സാധിച്ചിട്ടുണ്ട്. ഏതു മേഖലകളെയും പോലെ നിലനിൽപ്പിന് അനിവാര്യമായിട്ടുള്ള പരിവർത്തനങ്ങളെ ചേർത്തുപിടിക്കൽ തന്നെയാണ് ഈ മേഖലക്കും കരണീയം. ഈ വ്യക്തമായ കാഴ്ചപ്പാടിനെ തിരിച്ചറിയാൻ മഹല്ല് കമ്മിറ്റികൾക്കും മാനേജ്മെന്റിനും സാധിച്ചുവെന്നതാണ് സന്തോഷദായകം.
ഉമ്മത്തിന്റെ ആത്മീയ ചലനങ്ങൾക്കായി പിറവി കൊണ്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലായി ധാരാളം അറബിക് കോളേജുകൾ തയച്ചു വളരുന്നുണ്ട്. ഈ വസ്തുത തന്നെ അറബിക് കോളേജുകൾ ഭൗതിക വിദ്യാഭ്യാസ ലക്ഷ്യങ്ങളാൽ സഞ്ചരിക്കുന്ന രീതിയാണെന്ന പൊതുബോധത്തിന് വിരുദ്ധമാണ്. അറബിക് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പണ്ഡിത വിദ്യാർത്ഥികൾ ലോകത്തിന്റെ നിഖില ഭാഗങ്ങളിലായി ആത്മീയ പ്രസരണ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണെന്നതും ഇതിനകം ചേർത്തു വായിക്കണം.