മുഹമ്മദ്(സ്വ) ; നാമം പ്രകീർത്തനാതീതം
🖊 സിനാൻ എ.ടി അരിപ്ര
🖊 സിനാൻ എ.ടി അരിപ്ര
തിരുദൂതർ നബിയുടെ നാമങ്ങളിൽ പ്രസിദ്ധവും ശ്രേഷ്ഠവുമായ നാമമാണ് മുഹമ്മദ് (ﷺ). നിരവധി അകപ്പൊരുളുകൾ അതിലടങ്ങിയിരിക്കുന്നു. യഥാർത്ഥ മുഅമിനായ മനുഷ്യന്റെ ജീവിതത്തിൽ നിർവഹിക്കപ്പെടുന്ന ഫർളായ അഞ്ച് വഖ്ത് നിസ്കാരങ്ങളിലും, അതിനോട് ചേർന്നുള്ള പത്ത് (അഥവാ അതിലധികം) മുഅക്കദ സുന്നത്ത് നിസ്കാരങ്ങളുടെയും എണ്ണം കൂട്ടി വായിച്ചാൽ, അവിടുത്തേക്കുള്ള കടപ്പാടിനെ ഊട്ടിയുറപ്പിക്കൽ അനിവാര്യമാണെന്ന് ബോധ്യപ്പെടും. നബിയെ സ്മരിക്കാത്ത നിസ്കാരം പൂർണ്ണമാകുകയില്ല. നിസ്കാരം എന്ന റബ്ബിന്റെ അനുഗ്രഹത്തിലും മുഹമ്മദ് റസൂലുല്ലാഹ് (ﷺ) എന്ന നാമം മഹത്ത്വമേറിയതാണ്. മഹത്വമേറിയ ആ ദീപ്ത സ്മരണ ആദികാലം മുതൽ ഖിയാമത്ത് നാൾ വരെ യഥാർത്ഥ വിശ്വാസസമൂഹം ദിനംപ്രതി പുതുക്കിക്കൊണ്ടിരിക്കുന്നു.
‘മുഹമ്മദ് (സ്വ)’ എന്ന പ്രയോഗത്തിന് ‘വാഴ്ത്തപ്പെട്ടവൻ’ എന്ന് ഒറ്റവാക്കിൽ പരിഭാഷ പറയാം. സ്തുതിക്കുക, വാഴ്ത്തുക, പ്രകീർത്തിക്കുക എന്നീ അർത്ഥങ്ങളുള്ള ‘അൽ-ഹംദ്’ എന്ന ധാതുവിൽ നിന്നുള്ള ഇസ്മ് മഫ്ഉൽ (കർമ്മവാചകം) ആണ് ഈ നാമം. ‘നിരന്തരം വാഴ്ത്തപ്പെടുന്നവൻ’ എന്ന അർത്ഥമാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ പ്രകീർത്തനം തിരുദൂതർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നത് ഒരു പ്രാപഞ്ചിക സത്യമാണ്.
ഇമാം ഇബ്നുൽ ഖയ്യിം (റ) പറയുന്നു:
“മുഹമ്മദ് എന്നത് നാമവും വിശേഷണവുമാണ്. മറ്റു പലർക്കും ഇത് വെറും നാമം മാത്രമായിരിക്കുമ്പോൾ, നബിക്കായി ഇത് നാമവും വിശേഷണവുമാകുന്നു. തിരുനബിയുടെയും അല്ലാഹുവിന്റെയും നാമങ്ങളിൽ ഈ പ്രത്യേകത കാണാം. അർത്ഥരഹിതമായ പേരുകളായിരുന്നെങ്കിൽ ഇവക്ക് പ്രകീർത്തനം ഉണ്ടാകില്ലായിരുന്നു.”
(സാദുൽ മഅാദ് 1/89)
വിശുദ്ധ ഖുർആനിൽ അല്ലാഹു തിരുനബി (സ്വ)യെ നാല് സ്ഥലങ്ങളിൽ ‘മുഹമ്മദ്’ എന്ന് പരാമർശിക്കുന്നു. ഖുർആനിലെ 47-ാം അധ്യായത്തിന്റെ പേരുതന്നെ ‘മുഹമ്മദ്’ എന്നാണ്.
وما محمد إلا رسول قد خلت من قبله الرسل
മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതൻ മാത്രമാണ്. അവിടത്തിന്ന് മുമ്പും പല ദൂതന്മാർ കടന്നുപോയിട്ടുണ്ട്.
ما كان محمد أبا أحد من رجالكم
തിരുദൂതൻ മുഹമ്മദ് (സ്വ) നിങ്ങളുടെ പുരുഷന്മാരിൽ ആരുടെയും പിതാവായിട്ടില്ല; പക്ഷേ അല്ലാഹുവിന്റെ ദൂതനും അന്തിമ നബിയുമാകുന്നു.
والذين آمنوا وعملوا الصالحات…
സത്യവിശ്വാസികളും സത്കർമ്മങ്ങൾ ചെയ്തവരും, തിരുദൂതർ മുഹമ്മദ് (സ്വ) തങ്ങളിലേക്ക് ഇറക്കപ്പെട്ട സത്യത്തിൽ വിശ്വസിച്ചവരും, അല്ലാഹു അവരുടെ പാപങ്ങൾ മാപ്പ് നൽകുകയും അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.
محمد رسول الله والذين معه أشداء على الكفار
മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതനാണ്; അവിടുത്തോടൊപ്പമുള്ളവർ സത്യനിഷേധികളോട് കടുപ്പമുള്ളവരാണ്.
ഇങ്ങനെ പരിശോധിക്കുമ്പോൾ, തിരുനബി (സ്വ)യുടെ നാമം നാല് സ്ഥലങ്ങളിൽ മാത്രം വ്യക്തമായി പരാമർശിക്കുകയും, മറ്റു ഇടങ്ങളിലെല്ലാം ആദരസൂചകമായ ഓമനപ്പേരുകളും വിശേഷണങ്ങളും ഉപയോഗിക്കുകയും ചെയ്തിരിക്കുന്നതായി കാണാം. “യാ മുഹമ്മദ്” എന്ന് ഖുർആനിൽ സംബോധന ചെയ്തിട്ടില്ല എന്നതുതന്നെ അവിടുത്തോടുള്ള അത്യുന്നതമായ ബഹുമാനത്തിന്റെ അടയാളമാണ്.
“മുഹമ്മദ് (സ്വ)” എന്ന നാമം ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ ഹൃദയത്തിലാണ്. ശഹാദത്ത് വചനത്തിലും, നിസ്കാരത്തിലെ തഷാഹ്ഹുദിലും ഈ നാമം കൃത്യമായി ഉച്ചരിക്കപ്പെടണം. ഇമാം ശാഫിഈ (റ), ഇബ്നു ഹാജർ ഹൈതമി (റ), ഇമാം നവവി (റ) എന്നിവരെല്ലാം വ്യക്തമാക്കിയതുപോലെ, “മുഹമ്മദ്” എന്ന നാമത്തിന് പകരം “അഹ്മദ്” മുതലായവ ഉപയോഗിക്കാനാവില്ല.
അല്ലാഹുവിന്റെ നാമത്തിലും നബിയുടെ നാമത്തിലും നാല് അക്ഷരങ്ങൾ ഉള്ളത്, ഖുർആനിൽ നബിയുടെ നാമം നാല് സ്ഥലങ്ങളിൽ മാത്രം വന്നിരിക്കുന്നത് തുടങ്ങിയവയിൽ പോലും ദൈവികമായൊരു പൊരുത്തം കാണാം.
അർശിന്റെ തൂണുകളിൽ പോലും തിരുദൂതരുടെ നാമം മുഹമ്മദ് എന്ന് രേഖപ്പെടുത്തിയതായി പണ്ഡിതന്മാർ വ്യക്തമാക്കുന്നു.
ഹസ്സാൻ ഇബ്നു സാബിത് (റ) പറഞ്ഞത് ഇപ്രകാരമാണ്:
“അല്ലാഹു തന്റെ നാമത്തിൽ നിന്നൊരു ഭാഗം
ആദരപൂർവം നബിക്കായി പകുത്തു നൽകി;
സിംഹാസനാധിപൻ മഹ്മൂദായാൽ,
അവിടുന്ന് മുഹമ്മദാകുന്നു.”